KSDLIVENEWS

Real news for everyone

6 വര്‍ഷം, കേരളത്തില്‍ കൊല്ലപ്പെട്ടത് 9 മാവോവാദികള്‍; കവിതയ്ക്ക് വെടിയേറ്റത് തലയിലെന്ന് സൂചന

SHARE THIS ON

കല്പറ്റ: ആറുവർഷംകൊണ്ട് ഒമ്പത് മാവോവാദികളാണ് കേരളത്തിൽ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലായിനടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. അതിൽ ഏറ്റവും അവസാനത്തേതാണ് കബനീദളം ഏരിയാ സെക്രട്ടറിയും മുൻ കമാൻഡറുമായ കവിതയുടെ മരണം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊല്ലപ്പെട്ടെന്നാണ് മാവോവാദികളുടെ വെളിപ്പെടുത്തൽ .
ഇടതുഭരണകാലത്താണ് കേരളത്തിൽ ഇത്രയും ഏറ്റുമുട്ടൽക്കൊലകൾ നടന്നതെന്നാണ് വലിയ വിമർശനം. വ്യാജ ഏറ്റുമുട്ടലുകളാണ് പോലീസ് നടത്തുന്നതെന്ന ആരോപണവും നേരത്തേയുണ്ടായിരുന്നു. സി.പി.ഐ. മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കം ഇക്കാര്യത്തിൽ പോലീസിനെ ശക്തമായി വിമർശിച്ചു രംഗത്തെത്തിയതാണ്. അതുകൊണ്ട് മാവോവാദികൾക്ക് അനുകൂലമായ വികാരമുണ്ടാവാതിരിക്കാൻ ഇത്തവണ രക്തച്ചൊരിച്ചിലില്ലാതെ ഓപ്പറേഷൻ നടത്തണമെന്ന് നിർദേശമുണ്ടായിരുന്നു.
വയനാട് പോലീസിന്റെ നേതൃത്വത്തിൽ തണ്ടർബോൾട്ട് പേര്യയിൽ നടത്തിയ ഓപ്പറേഷനിൽ രണ്ട് മാവോവാദികളെ പരിക്കുപോലുമില്ലാതെ പിടികൂടാൻ കഴിഞ്ഞെങ്കിലും കണ്ണൂരിൽ നേർക്കുനേർനടന്ന ഏറ്റുമുട്ടലിൽ ആ നിർദേശം പാലിക്കാനായില്ല. അയ്യങ്കുന്നിലെ ഏറ്റുമുട്ടലിൽ വെടിയേറ്റ കവിതയ്ക്ക് ചികിത്സ നൽകാനുള്ള സാഹചര്യം മാവോവാദികൾ തന്നെയാണ് ഇല്ലാതാക്കിയതെന്നാണ് പോലീസ് പറയുന്നത്.


കവിതയടക്കം 18 പേരാണ് കബനീദളത്തിലും ബാണാസുര ദളത്തിലുമായി കേരളത്തിൽ അവശേഷിച്ചിരുന്ന മാവോവാദികൾ. മൂന്നുപേർ കഴിഞ്ഞ നവംബറിൽ പിടിയിലായതോടെ അംഗസംഖ്യ 15 ആയി കുറഞ്ഞു. ഇപ്പോൾ കവിതയുടെ മരണത്തോടെ അംഗബലം വീണ്ടും കുറഞ്ഞു.


നേരത്തേ കേരളത്തിലും തമിഴനാട്ടിലുമായി കബനീദളം, ബാണാസുര ദളം, നാടുകാണി ദളം, ശിരുവാണി ദളം എന്നീ നാലുദളങ്ങൾ ഉണ്ടായിരുന്നു. ഇതിൽ രണ്ടു ഏറ്റുമുട്ടലോടെ ശിരുവാണി, നാടുകാണി ദളങ്ങൾ പൂർണമായി നിലച്ചു. വയനാട്ടിലെ ബാണാസുരദളം, കബനീ ദളത്തിനോട് ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. കണ്ണൂർ, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് മാത്രമാണ് മാവോവാദികൾ പ്രവർത്തിക്കുന്നത്.

വീണ്ടും മാവോവാദി വെല്ലുവിളി

മാനന്തവാടി : ശക്തമായ തിരിച്ചടിയുണ്ടായേക്കാമെന്നെ സൂചനയുമായി മാവോവാദികൾ പോസ്റ്ററുകൾ പതിച്ചു. തിരുനെല്ലി ആശ്രമം സ്കൂളിനു സമീപത്തുള്ള കടയിലും ആശ്രമം സ്കൂളിന്റെ വഴികാട്ടി ബോർഡിലുമാണ് സി.പി.ഐ. മാവോയിസ്റ്റിന്റെ പേരിൽ പോസ്റ്റർ പതിച്ചിട്ടുള്ളത്. ആശ്രമം സ്കൂളിനു സമീപത്തെ കടയുടെ ഭിത്തിയിൽ ആറു പോസ്റ്ററുകളാണ് പതിച്ചത്.

കടയിൽ ഒരു കത്തും ഇട്ടാണ് സംഘം മടങ്ങിയത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് വീടിനോടുചേർന്നുള്ള കട അടച്ചത്. ഇതിനുശേഷമാണ് മാവോവാദിസംഘം എത്തിയതെന്നു കരുതുന്നു. എന്നാൽ, മാവോവാദിസംഘത്തെ ആരെയും കണ്ടില്ലെന്നും പോലീസ് പറഞ്ഞാണ് മാവോവാദികൾ പോസ്റ്റർപതിച്ച കാര്യം അറിഞ്ഞതെന്നും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കടയുടെ സമീപത്തുള്ളയാൾ പറഞ്ഞു. പോലീസ് ആവശ്യപ്പെട്ട പ്രകാരം ഇദ്ദേഹംതന്നെയാണ് പോസ്റ്ററുകളും ലഘുലേഖയും നീക്കംചെയ്തത്. പിന്നീട് പോലീസെത്തി ഇവയെല്ലാം ശേഖരിച്ചു.
‘പുത്തൻ ജനാധിപത്യ ഇന്ത്യയ്ക്കായി പൊരുതിമരിച്ച കവിതയ്ക്ക് ലാൽസലാം, രക്തകടങ്ങൾ രക്തത്താൽ പകരംവീട്ടും, കവിതയുടെ കൊലപാതകം കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ പശ്ചിമഘട്ടത്തെ ഒരുക്കിയെടുത്ത മോദി-പിണറായി സർക്കാരുകളുടെ ആസൂത്രിതനീക്കം, കൊലയാളികൾക്കെതിരേ ആഞ്ഞടിക്കുക, ഗ്രാമങ്ങളെ ചുവപ്പണിയിക്കാൻ സ്വന്തംജീവൻ സമർപ്പിച്ച മാവോവാദി ഗറില്ല കവിതയ്ക്ക് ലാൽസലാം’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.

വെള്ളപ്പേപ്പറിൽ നീലമഷിപ്പേനകൊണ്ടെഴുതിയ കത്ത് കടയിൽ ഇട്ടതിനൊപ്പം ആശ്രമം സ്കൂളിലേക്കുള്ള സൂചനാബോർഡിന്റെ മുകളിലും പതിച്ചിരുന്നു. തിരുനെല്ലി ഗുണ്ടികപ്പറമ്പ് കോളനിക്കു സമീപത്താണ് കട. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലുൾപ്പെടുന്ന ഉരുപ്പുകുറ്റിയിൽ നവംബർ 13-നാണ് മാവോവാദികളും തണ്ടർബോൾട്ടും ഏറ്റുമുട്ടിയത്. തണ്ടർബോൾട്ടിനെ സർക്കാരിന്റെ കൊലയാളിസേന എന്നാണ് കുറിപ്പിൽ വിശേഷിപ്പിക്കുന്നത്.
നവംബർ ഏഴിനു വയനാട് പേര്യ ചപ്പാരത്തുണ്ടായ ഏറ്റുമുട്ടലിനുശേഷമാണ് അയ്യൻകുന്നിൽ മാവോവാദികളും തണ്ടർബോൾട്ടും ഏറ്റുമുട്ടിയത്. പേര്യയിൽനിന്ന് ചന്ദ്രുവിനെയും ഉണ്ണിമായയെയും കസ്റ്റഡിയിലെടുക്കാൻ പോലീസിനു സാധിച്ചിരുന്നു.

സെപ്റ്റംബർ 28-നു തവിഞ്ഞാൽ കമ്പമലയിലെത്തിയ മാവോവാദിസംഘം കേരള വനം വികസന കോർപ്പറേഷന്റെ ഓഫീസ് അടിച്ചുതകർത്തിരുന്നു. ഇതിനുശേഷവും എത്തിയ സംഘം മാവോവാദി നിരീക്ഷണത്തിനായി പോലീസ് സ്ഥാപിച്ച നിരീക്ഷണക്യമറ അടിച്ചുതകർത്തു. സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കമ്പമലയിൽ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

നാലുപേരെ തിരിച്ചറിഞ്ഞില്ല

തിരുനെല്ലിയിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ യു.എ.പി.എ. ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. തിരുനെല്ലിയിലെത്തിയ ആറംഗസംഘത്തിൽ സി.പി. മൊയ്തീനും സോമനുമെത്തിയിട്ടുണ്ടെന്നാണ് സ്ഥിരീകരണം. ബാക്കിയുള്ള നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

പേര്യയിലെയും ആറളത്തെയും ഏറ്റുമുട്ടലുകൾക്കുശേഷം മാവോവാദികൾ ഉൾവലിഞ്ഞ അവസ്ഥയിലായിരുന്നു. തലപ്പുഴയ്ക്കടുത്ത് മാവോവാദി ജിഷയുടെ വീട്ടിൽ ആറളത്തെ ഏറ്റുമുട്ടലിനുശേഷം മാവോവാദികൾ എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കവിത കൊല്ലപ്പെട്ടെന്ന സൂചന അപ്പോൾ നൽകിയിരുന്നു. പക്ഷേ, വിവരം മാവോവാദികൾ പുറത്തുവിട്ടിരുന്നില്ല. ഇത്രയുംദിവസങ്ങൾക്കുശേഷമാണ് സി.പി. മൊയ്തീൻ തന്നെയെത്തി വിവരം പുറംലോകത്തെ അറിയിക്കുന്നത്.

ഭർത്താവ് പോലീസിൽ കീഴടങ്ങി; കവിത നേതാവായിമാറി

കല്പറ്റ: ആന്ധ്രയിലെ രായല സീമയിൽ ദരിദ്ര കർഷക കുടുംബത്തിലാണ് ലക്ഷ്മി എന്ന കവിത ജനിച്ചത്. വളരെ ചെറുപ്പത്തിൽത്തന്നെ പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയിൽ ചേർന്നു. മാവോവാദിയായിരുന്ന ഭർത്താവ് ലിജീഷ് എന്ന രാമു 2021-ൽ പോലീസിൽ കീഴടങ്ങിയെങ്കിലും കവിത ഗറില്ലാ ആർമിയിൽ തുടർന്നു.

പോലീസിൽ കീഴടങ്ങിയ ലിജീഷിനെ ‘വിപ്ലവദ്രോഹി’യെന്നാണ് പശ്ചിമഘട്ടം പ്രത്യേക മേഖലാകമ്മിറ്റിയുടെ കത്തിൽ പറയുന്നത്. ആന്ധ്രയിലും ദക്ഷിണകർണാടത്തിലെ ദുംഗഭദ്ര ദളത്തിലും അംഗമായിരുന്ന കവിത പാർട്ടിനിർദേശപ്രകാരമാണ് പശ്ചിമഘട്ടത്തിലേക്ക് പ്രവർത്തനം മാറ്റിയത്.

കബനീദളത്തിന്റെ കമാൻഡർ

കബനീദളത്തിന്റെ കമാൻഡറായി ദീർഘകാലം പ്രവർത്തിച്ചു. അവസാനം കബനീ ദളം ഏരിയാ സെക്രട്ടറിയായിരുന്നു.

കവിതയുടെ വിയോഗം വിപ്ലവപാർട്ടിക്ക് തീരാനഷ്ടമാണുണ്ടാക്കിയതെന്നാണ് മേഖലാകമ്മിറ്റിയുടെ കത്തിൽ പറയുന്നത്. ‘ഹൃദയം കീറിമുറിക്കുന്ന വേദനയാണ്. ഈ വേദനയെ ശക്തിയാക്കി മാറ്റാനും രക്തസാക്ഷികളുടെ രക്തത്തിനു പകരംവീട്ടാനും സർവശക്തിയും സംഭരിക്കണമെന്നതാണ് മുന്നിലുള്ള കടമ. കഴിഞ്ഞ ഒരുമാസത്തിനിടെ നാലുതവണയാണ് പശ്ചിമഘട്ടത്തിൽ തങ്ങൾ ആക്രമിക്കപ്പെട്ടത്. ഓപ്പറേഷൻ സമാധാൻ എന്ന പേരിൽ മാവോവാദി വിപ്ലവശക്തികളെ പൂർണമായും തുടച്ചുനീക്കാൻ ആർ.എസ്.എസ്. നേതൃത്വംനൽകുന്ന മോദിസർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് അവരുടെ ബി ടീമായ പിണറായി സർക്കാരുമായി ചേർന്ന് ഓപ്പറേഷൻ നടക്കുന്നത്. അയ്യൻകുന്ന്, ആറളം, തവിഞ്ഞാൽ, കേളകം, തിരുനെല്ലി എന്നിവിടങ്ങളിലാണ് അക്രമം കേന്ദ്രീകരിച്ചിരിക്കുന്നത്.

കാനനപാതകൾ അരിച്ചുപെറുക്കിയും ആകാശനിരീക്ഷണം വഴിയും വ്യാപകമായി കുപ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്യുകയാണെ’ന്നും സി.പി.ഐ. മാവോയിസ്റ്റ് യോഗി പശ്ചിമഘട്ടമേഖലാ കമ്മിറ്റി ജോഗി എന്നപേരിൽ എഴുതിയ കത്തിൽ പറയുന്നു.

ഞെട്ടിത്തോട് മലയിലെ ഏറ്റുമുട്ടൽ: പോലീസ് ഭാഷ്യം ശരിവെച്ച് മാവോവാദികളും

ഇരിട്ടി : അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയിൽ പോലീസുമായി ഏറ്റുമുട്ടലുണ്ടായെന്നും ഒരാൾ കൊല്ലപ്പെട്ടുവെന്നും പോലീസ് പറഞ്ഞത് മാവോവാദികളും ശരിവെച്ചു. ഏറ്റുമുട്ടലിൽ സഹപ്രവർത്തക കവിത രക്തസാക്ഷിയായെന്നും ഇതിന് പകരംവീട്ടുമെന്നും കാണിച്ച് ഏറ്റുമുട്ടലുണ്ടായി ഒന്നര മാസത്തിന് ശേഷമാണ് സ്ഥിരീകരണവുമായി മാവോവാദികൾ രംഗത്തുവന്നത്. നവംബർ 13-ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പറയുന്ന കവിതയ്ക്ക് തലയ്ക്ക് വെടിയേറ്റതായാണ് സൂചന.

ഞെട്ടിത്തോട് വനമേഖലയിൽ പട്രോളിങ്ങിനുപോയ തണ്ടർബോൾട്ട് സംഘത്തിനുനേരേ മാവോവാദികൾ വെടിവെച്ചുവെന്ന് തിവ്രവാദവിരുദ്ധ സേന ഡി.ഐ.ജി. പുട്ട വിമലാദിത്യ സംഭവദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. വെടിവെപ്പുണ്ടായതോടെ തിരിച്ച്‌ വെടിവെച്ചതായും ഇതോടെ എട്ടംഗ മാവോവാദിസംഘം ഉൾക്കാട്ടിലേക്ക് ഓടിപ്പോയെന്നുമായിരുന്നു വിശദീകരണം.

ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും ലാപ്‌ടോപ്പ് ഉൾപ്പെടെ രഹസ്യരേഖകളും മാവോവാദികളുടെ ഡ്യൂട്ടി ലിസ്റ്റുകളുമൊക്കെ കിട്ടിയെന്നുമുള്ള പ്രചാരണമുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. പിടിച്ചെടുത്ത ആയുധങ്ങൾ പ്രദർശിപ്പിക്കാനും പോലീസ് തയ്യാറായില്ല. ഏറ്റുമുട്ടൽ മേഖലയിലേക്ക് പട്രോളിങ്ങിന് നിയോഗിച്ച തണ്ടർബോൾട്ട് സംഘത്തിനും ഡിവൈ.എസ്.പി. റാങ്കിന് മുകളിലുള്ള പോലീസുകാർക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇതെല്ലാം ദുരൂഹത വർധിപ്പിച്ചു.

മാവോവാദികേന്ദ്രങ്ങൾ ഏറ്റുമുട്ടലിനെക്കുറിച്ച് സ്ഥിരീകരണമോ നിഷേധക്കുറിപ്പോ ഇറക്കിയതുമില്ല. സംഭവദിവസം രാത്രിയും ഏറ്റുമുട്ടലുണ്ടായിരുന്നു. 72 മണിക്കൂർ തണ്ടർബോൾട്ട് സംഘം വനത്തിനുള്ളിൽ തിരച്ചിലും നടത്തി.

മാവോവാദി കബനീദളം ഗ്രൂപ്പിലെ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘവുമായാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് പറഞ്ഞത്.

രണ്ടുപേർക്ക് വെടിയേറ്റതായും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ടായിരുന്നു.

ഡി.ഐ.ജി.ക്കുപുറമെ കണ്ണൂർ റൂറൽ എസ്.പി. എം.ഹേമലതയും ഇരിട്ടി എ.എസ്.പി. തപോഷ് ബസുമതാരിയുമുൾപ്പെടെ നൂറിലധികം പോലീസുകരുടെ നേതൃത്വത്തിലായിരുന്നു നടപടി.

ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മരുന്നുമായി മലകയറുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയും നടത്തിയിരുന്നു. മഹസർ നടപടികൾക്കായി റവന്യൂവകുപ്പിന്റെ സഹായം പോലീസ് തേടിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചതും സംശയമുളവാക്കി.

ഏറ്റുമുട്ടൽക്കൊല എന്ന പഴി ഒഴിവാക്കാനോ?

ഞെട്ടിത്തോട് വനത്തിനുള്ളിൽ മാവോവാദികളുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായിരുന്നതായി പോലീസ് പറയുമ്പോഴും പിന്നീടെന്തുണ്ടായി എന്ന ചോദ്യം അവശേഷിക്കുന്നു. പോലീസ് ഒരുക്കിയ കാവലും പഴുതടച്ച പരിശോധനയുമെല്ലാം വനത്തിനുള്ളിൽ കടന്ന് മാവോവാദികളെ വെടിവെച്ചുകൊന്നുവെന്ന പഴി ഒഴിവാക്കാനുള്ള നീക്കമായിരുന്നോയെന്നും സംശയമുയരുന്നുണ്ട്. മുൻപ് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ച സംഭവം ഏറെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!