ആഗോളതലത്തില്‍ നേട്ടം: മൊബൈല്‍ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യ

മൊബൈൽ ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രോണിക്ക് ഉത്പാദന കേന്ദ്രമാക്കി രാജ്യത്തിനെ മാറ്റുന്നതിൽ ഇതൊരു നിർണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 2014 -2015 സാമ്പത്തിക വർഷത്തിൽ വെറും രണ്ട് മൊബൈൽ നിർമാണ യൂണിറ്റുകൾ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ 300 എണ്ണമായി ഉയർന്നിട്ടുണ്ട്.
പതിനൊന്ന് വർഷത്തിനിടെ രാജ്യത്തിന്റെ ഇലക്ട്രോണിക് കയറ്റുമതി എട്ട് മടങ്ങ് വർദ്ധിച്ചതായും അശ്വിനി വൈഷ്ണവ് പറയുന്നു. സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ഇലക്ട്രോണിക്സ് വ്യവസായത്തിലെ മൊത്തം ഉത്പാദനം ഏകദേശം 9.8 ലക്ഷം കോടി രൂപയാകുമെന്നും ഇത് നിർമ്മാണം, തൊഴിൽ , എക്സ്പോർട്ടിംഗ് എന്നീ മേഖലകളെ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്മാർട്ട്ഫോൺ വിപണിയിലെ വമ്പന്മാരായ ആപ്പിളും സാംസങും അവരുടെ നിർമ്മാണം ഇന്ത്യയിൽ സജീവമാക്കിയത് ഈ നിർണായക നേട്ടം കൈവരിക്കുന്നതിന് വലിയ പങ്ക്‌വഹിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിലെത്തുന്ന മൊബൈൽ ഫോണുകളിൽ 99 ശതമാനവും ഇന്ത്യയിൽ നിന്നാണ് അസംബിൾ ചെയ്‌തെത്തിക്കുന്നത്. ലാർജ്-സ്കെയിൽ ഇലക്ട്രോണിക്സ് നിർമ്മാണത്തിനായുള്ള പിഎൽഐ പദ്ധതി 13,475 കോടിയിലധികം നിക്ഷേപം കൊണ്ടുവന്നിട്ടുണ്ടെന്നും ഇതിനായി ഈ സാമ്പത്തിക പ്രോത്സാഹന പദ്ധതി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഇലക്ട്രോണിക്സ് വ്യവസായം ഏഴാം സ്ഥാനത്ത് നിന്ന് മൂന്നാമത്തെ വലിയ കയറ്റുമതി വിഭാഗത്തിലേക്ക് മാറിയെന്നും അങ്ങനെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 1.3 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

