ബേക്കൽ ഫെസ്റ്റിലെ ജനത്തിരക്ക്; ദുരന്തം ഒഴിവാക്കുന്നതിന് മുൻകരുതല്‍ സ്വീകരിക്കുമെന്ന് കളക്ടർ

കാസർകോട്: ബേക്കൽ ഫെസ്റ്റിലെ ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകിയിട്ടുണ്ടെന്ന് കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു. തിങ്കളാഴ്ച വേടന്റെ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും ഉണ്ടാവുകയും നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഇന്നും നാളെയും ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ബേക്കൽ ബീച്ച് പാർക്കിൽ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും. ബീച്ച് ഫെസ്റ്റ് നടക്കുന്ന പാർക്കിലും പരിസരങ്ങളിലും ദുരന്തം ഒഴിവാക്കുന്നതിന് മുൻകരുതൽ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

