കർഷകരെ നേരിടാൻ ഇ.ഡി.യും; സമരകേന്ദ്രങ്ങളില്‍ ഇന്‍റർനെറ്റ് തടയും

ന്യൂഡൽഹി:രണ്ടുമാസം പിന്നിട്ട ഡൽഹി അതിർത്തികളിലെ കർഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സർക്കാർ. കർഷകസമരത്തിന്റെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയ സർക്കാർ സമരകേന്ദ്രങ്ങളിലേക്ക് കൂടുതൽ പേർ എത്തുന്നത് തടയാനുള്ള നടപടികളും തുടങ്ങി.
ഡൽഹിയിലെ സിംഘു, തിക്രി, ഗാസിപ്പുർ അതിർത്തികളിലെ ഇന്റർനെറ്റ് സേവനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ചവരെ റദ്ദാക്കി. ഹരിയാണയിലെ 17 ജില്ലയിലും ഇന്റർനെറ്റ് വിലക്ക് നീട്ടി. പൊതുസുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചെങ്കിലും സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നാണ് അഭ്യൂഹം.
കർഷകസമരത്തിനുപിന്നിലുള്ള ചില എൻ.ജി.ഒ.കൾ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. റിപ്പബ്ലിക്ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ അക്രമം കാട്ടിയവർക്കുപിന്നിൽ പ്രവർത്തിച്ചവരുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചാണ് ആദ്യഘട്ടത്തിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം. ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. അടിസ്ഥാനമാക്കിയാണ് അന്വേഷണം തുടങ്ങിയത്. പ്രാഥമികാന്വേഷണത്തിനുശേഷം കള്ളപ്പണ നിയന്ത്രണ നിയമപ്രകാരം നടപടികളെടുക്കും. അടുത്തകാലത്ത് സജീവമായ ചില ഹവാല ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ട്രാക്ടർ റാലിയെത്തുടർന്നുണ്ടായ അക്രമത്തിൽ ഡൽഹി പോലീസും കർശനനടപടി തുടരുകയാണ്. ഇതുവരെ 84 പേരെ അറസ്റ്റുചെയ്തു. കലാപത്തിനും പൊതുസ്വത്ത് നശിപ്പിച്ചതിനും വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർചെയ്ത 38 കേസിലാണ് നടപടി. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തി. ചെങ്കോട്ടസംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന തരൻ താരൻ സ്വദേശികളായ ജുഗ്‌രാജ് സിങ്, നവ്പ്രീത് സിങ് എന്നിവർക്കായി ശനിയാഴ്ച ജലന്ധറിലെ ബസ്തിബാവ ഖേൽ മേഖലയിൽ തിരച്ചിൽ നടന്നു. ഫൊറൻസിക് വിദഗ്ധർ ശനിയാഴ്ച ചെങ്കോട്ടയിലെത്തി തെളിവെടുപ്പുനടത്തി.
അതിനിടെ, സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.
സർക്കാർ ഒരു ഫോൺകോൾ അകലത്തിൽ
“നിയമം മരവിപ്പിക്കാമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ജനുവരി 22-ന് നൽകിയ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചർച്ചകൾക്കായി ഒരു ഫോൺകോൾ അകലത്തിൽ കൃഷിമന്ത്രിയുണ്ട്” -പ്രധാനമന്ത്രി നരേന്ദ്രമോദി

