സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി; ഐശ്വര്യ കേരളയാത്രക്ക് തുടക്കമായി

കാസർകോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കാസർകോട് കുമ്പളയിൽ തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉമ്മൻചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു
രമേശ് ചെന്നിത്തല നിയമസഭയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി അക്കമിട്ട് പറഞ്ഞ കാര്യങ്ങൾ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. അവരുടെ അംഗീകാരം നേടി ഒരു വിജയിയായിട്ടാണ് ചെന്നിത്തല കാസർകോട് നിന്ന് ജാഥ ആരംഭിക്കുന്നത്- ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻചാണ്ടി പറഞ്ഞു.
സർക്കാർ ജനങ്ങളോട് നീതി പുലർത്തിയിട്ടില്ല. കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതിന്റെ ഭരണകാലം. കേരളത്തിലെ ജനങ്ങൾ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് എനിക്കുറപ്പാണ്.
ചെറുപ്പക്കാർ വളരെയധികം വേദനയിലാണ്, അവർക്ക് ജോലിയില്ല. അവർക്ക് മുഴുവനും ജോലി കൊടുക്കണമെന്ന് പറയുകയല്ല മറിച്ച് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന ജോലി അത് സുതാര്യമായിരിക്കണം. നീതിപൂർവം ആയിരിക്കണം. പുറംവാതിൽ നിയമനം അനുവദിക്കില്ല. അത്തരം നിയമനം നടത്തിയതിന് കേരളത്തിലെ ചെറുപ്പക്കാർ പകരംചോദിക്കും.- അദ്ദേഹം പറഞ്ഞു.
‘സംശുദ്ധം സദ്ഭരണം’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വർഷത്തെ ഇടതു സർക്കാരിന്റെ ദുർഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാൻ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്റെ ബദൽ വികസന, കരുതൽ മാതൃകകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്. രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷങ്ങളുടെ വിശദീകരണവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയിൽ തുറന്നു കാട്ടും.
യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. 23 ന് തിരുവനന്തപുരത്ത് സമാപന റാലി കോൺഗ്രസ് ദേശീയ നേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.

