രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം പ്രമേയം പാസാക്കി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഡല്‍ഹി കോണ്‍ഗ്രസ്. രാഹുലിനെ എത്രയും പെട്ടന്ന് അധ്യക്ഷനാക്കണമെന്ന പ്രമേയം ഡല്‍ഹി യൂണിറ്റ് ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.
വരുന്ന ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് പ്രവര്‍ത്തക സമിതി തീരുമാനമെടുത്ത് ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്തെത്തണമെന്ന പ്രമേയവുമായി ഡല്‍ഹിയിലെ നേതാക്കളടക്കം രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ രാഷ്ട്രീയാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയമെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളടക്കം പ്രതികരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും രാജി ആവശ്യപ്പെട്ടുള്ള മറ്റൊരു പ്രമേയവും സംസ്ഥാന കമ്മറ്റി പാസാക്കിയിട്ടുണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലൂന്നി പ്രവര്‍ത്തക സമിതി തീരുമാനം അറിയിച്ചതിന് ശേഷം ആദ്യമായി വിഷമയുന്നയിച്ച് പരസ്യമായി രംഗത്തെന്നുന്ന കോണ്‍ഗ്രസ് കമ്മറ്റിയാണിത്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ കുമാറാണ് പ്രമേയം അവതരിപ്പിച്ചത്.
‘രാജ്യത്തിന്റെ നിലവിലെ അസ്വസ്ഥവും അപകടകരവുമായ അവസ്ഥ പരിഗണിച്ച് കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയെപ്പോലെ ഊര്‍ജ്ജ സ്വലനും ശക്തമായ നേതാവുണ്ടാകേണ്ടത് അനിവാര്യമാണ്. പാര്‍ട്ടിയെ ശക്തമായി നയിക്കേണ്ടതും രാജ്യത്ത് പടരുന്ന വര്‍ഗ്ഗീയത ചെറുക്കേണ്ടതിനും രാജ്യത്തെ വിനാശത്തിന്റെ പാതയില്‍നിന്നും മോചിപ്പിക്കേണ്ടതിനും അദ്ദേഹത്തെപ്പോലൊരാളെ ആവശ്യമുണ്ട്’, പ്രമേയത്തില്‍ പറയുന്നതിങ്ങനെ.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് പാര്‍ലമെന്റിന് അകത്തും പുറത്തും കേന്ദ്രത്തിന്റെ കാാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പോരാടാന്‍ കഴിയുമെന്നും പ്രമേയത്തില്‍ പറയുന്നു.

