KSDLIVENEWS

Real news for everyone

ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് കേസ്; ഒളിവിലുള്ള പ്രതികളെ പിടികൂടാൻ ഇഡി, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

SHARE THIS ON

തൃശൂർ: തൃശൂരിലെ ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇഡി പുറത്തിറക്കി. കേസിലെ മുഖ്യപ്രതികളായ ഹൈറിച്ച്‌ കമ്ബനി ഉടമ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിനാണ് ഇഡി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ, ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക. പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി വരുന്ന വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്ബ് തന്നെ ഇരുവരെയും പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ഇഡി.

ഇരുവർക്കും മുൻകൂ‍ർ ജാമ്യം നല്‍കരുതെന്നും 2300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്നും ഇഡി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ ജില്ലകളില്‍ പൊലീസ് രജിസ്റ്റർ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. ക്രിപ്റ്റോ കറൻസിയില്‍ നിക്ഷേപിക്കുന്നതിനായി 850 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതര സ്വഭാവമുള്ള സാമ്ബത്തിക കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്നാണ് ഇഡി കണ്ടെത്തല്‍. നേരത്തെ കമ്ബനി ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.ഇതിനിടെ, സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായ ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് പുറത്തുവന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്തെത്തി. സംസ്ഥാന പൊലീസ് പ്രതികള്‍ക്ക് കവചമൊരുക്കുകയാണെന്ന് അനില്‍ അക്കരെ ആരോപിച്ചു. ബഡ്സ് ആക്‌ട് പ്രകാരം സ്വത്തുക്കള്‍ മരവിപ്പിച്ച ശേഷവും ഇടപാടുകള്‍ നടന്നെന്ന് നിക്ഷേപകര്‍ പറയുന്നു.

മണിചെയിന്‍ മാതൃകയില്‍ സാമ്ബത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. എച്ച്‌ ആര്‍ ക്രിപ്റ്റോ കൊയിന്‍ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടി. ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.

ജിഎസ്ടി വെട്ടിപ്പില്‍ പ്രതാപന്‍ അകത്ത് പോയതോടെ ഗത്യന്തരമില്ലാതെ പൊലീസ് ചില പരാതികളില്‍ അന്വഷണം തുടങ്ങി. അതിനിടെ കഴിഞ്ഞ മാസം 7 ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ബഡ്സ് ആക്‌ട് പ്രകാരം സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള ഉത്തരവുമിട്ടു. എന്നിട്ടും കഴിഞ്ഞ മാസം ഇരുപത്തിയേഴ് വരെ ഹൈറിച്ച്‌ കമ്ബനി നിയമത്തെ വെല്ലുവിളിച്ച്‌ നിക്ഷേപകരില്‍ നിന്ന് പണം പിരിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. നൂറ് കോടി രൂപ വിദേശത്തേക്ക് ഹവാലപ്പണമായി കടത്തിയെന്ന വിവരത്തില്‍ റെയ്ഡിനെത്തിയ ഇഡി സംഘത്തിന് മുന്നിലൂടെ പ്രതാപനും ഭാര്യയും വിശ്വസ്തന്‍ ഡ്രൈവറും കടന്നു കളഞ്ഞു. പുറത്തേക്ക് പോയ വാഹനത്തിന്‍റെ വിശദാംശങ്ങളടക്കം കൈമാറിയിട്ടും പൊലീസ് മാത്രം ഇതുവരെ ഒന്നും കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!