ഇസ്രായേല്‍ സൈന്യം പിന്മാറി; വടക്കൻ ഗാസയിലെ സ്‌കൂളില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിരവധി ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇസ്രായേല്‍ സൈന്യം പിന്മാറിയ ശേഷം സ്‌കൂളില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ നിരവധി ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വടക്കൻ ഗസ്സയിലെ സ്‌കൂളിലാണ് ബുധനാഴ്ച നിരവധി ഫലസ്തീനികളുടെ മൃതദേഹം കണ്ടെത്തിയത്. ഹിബ്രു ഭാഷയിലുള്ള എഴുത്തുള്ള പ്ലാസ്റ്റിക് കേബിള്‍ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം വെച്ച ബാഗുകള്‍. ബെത് ലേഹിയയിലെ ഖലീഫ ബിൻ സായിദ് എലമെൻററി സ്‌കൂളില്‍ 30 ഫലസ്തീനികളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് അല്‍ജസീറ അറബികും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇസ്രായേലി സൈന്യം പ്രദേശത്ത് നിന്ന് പിന്മാറിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കേബിളുകള്‍ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിപ് കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ വെച്ച ബാഗുകളുണ്ടായിരുന്നതെന്നും അവശിഷ്ടങ്ങള്‍ക്കിടയിലാണ് അവ കണ്ടെത്തിയതെന്നും റിപ്പോർട്ടില്‍ പറഞ്ഞു. നിരവധി ഫലസ്തീനികള്‍ അഭയം തേടിയ സ്‌കൂളില്‍ വെച്ച് തന്നെ അവർ കൊല്ലപ്പെട്ടതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇസ്രായേല്‍ സൈന്യം സ്‌കൂളില്‍ ബോംബിടുകയും ഉപരോധിക്കുകയും ചെയ്തത്. 2010 മുതല്‍ യൂണൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്‌സ് ഏജൻസിയുടെ(യുഎൻആർഡബ്ല്യൂഎ) പിന്തുണയോടെയാണ് സ്‌കൂള്‍ പ്രവർത്തിച്ചിരുന്നത്. സംഭവത്തില്‍ ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ലെന്ന് മിഡില്‍ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ഗസ്സ മുനമ്ബില്‍നിന്ന് നൂറിലേറെ ഫലസ്തീനികളുടെ മൃതദേഹം കണ്ടെത്തി കൂട്ടമായി ഖബറടക്കാനായി റഫയിലേക്ക് അയച്ച ശേഷമാണ് പുതിയ സംഭവം. അതേസമയം, വെടിനിർത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവൻ ഇസ്മഈല്‍ ഹനിയ്യ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ശേഷം ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 26,637 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

