KSDLIVENEWS

Real news for everyone

ചരിത്രം തിരുത്തി എഎഫ്‌സി ഏഷ്യൻ കപ്പ്; ഖത്തർ- പലസ്തീൻ പ്രീ-ക്വാർട്ടർ മത്സരം കാണാൻ 10 ലക്ഷം കടന്ന് കാണികൾ

SHARE THIS ON

ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിൽ ആരാധകരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഖത്തർ. ഗ്രൂപ്പ് ഘട്ടം മുതൽ പ്രീ-ക്വാർട്ടറിൽ ഖത്തർ-പലസ്തീൻ പോരാട്ടം വരെയുള്ള 40 മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലെത്തിയത് 10,68,587 ആരാധകർ. ഫൈനൽ ഉൾപ്പെടെ 51 മത്സരങ്ങളുള്ള ടൂർണമെന്റിൽ 11 എണ്ണം കൂടി ബാക്കി നിൽക്കെയാണ് ഏഷ്യൻ കപ്പിന്റെ ചരിത്രം തിരുത്തി ഖത്തറിൽ പുതിയ റെക്കോർഡ് പിറന്നത്. തിങ്കളാഴ്ച അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ ഖത്തർ-പലസ്തീൻ മത്സരം കാണാൻ 63,753 പേർ കൂടി എത്തിയതോടെയാണ് 18-ാമത് ഏഷ്യൻ കപ്പിൽ 10,68,587 ആരാധകർ എന്ന റെക്കോർഡ് സൃഷ്ടിച്ചത്. ആരാധക എണ്ണത്തിൽ 2004ൽ ചൈന പിആറിൽ നടന്ന ടൂർണമെന്റിലെ 10.4 ലക്ഷം കാണികൾ എന്ന റെക്കോർഡ് പിന്തള്ളിയാണ് ഖത്തറിന്റെ കുതിപ്പ്. സ്റ്റേഡിയങ്ങളിലെ ശരാശരി കാണികളുടെ എണ്ണത്തിൽ ചാർട്ടിൽ രണ്ടാം സ്ഥാനത്താണ് ഖത്തർ. മത്സരങ്ങളിലെ ശരാശരി കാണികൾ 26,672 ആണ്. ജനുവരി 12ന് മത്സരങ്ങളുടെ തുടക്കം മുതൽ ഏഷ്യൻ കപ്പിന്റെ ചരിത്രത്തിൽ വച്ചേറ്റവും സവിശേഷവും എല്ലാവർക്കും പ്രാപ്യവും ആരാധകർ ഏറ്റവും സജീവവുമായ ടൂർണമെന്റിനാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നതെന്ന് എഎഫ്‌സി ജനറൽ സെക്രട്ടറി ദതൂഖ് സെരി വിൻഡ്‌സർ ജോൺ വ്യക്തമാക്കി. ഉദ്ഘാടന മത്സരത്തിനെത്തിയ ആരാധകരുടെ എണ്ണത്തിലും ഖത്തർ റെക്കോർഡ് ഇട്ടിരുന്നു. ലുസെയ്ൽ സ്‌റ്റേഡിയത്തിൽ ഖത്തറും ലബനനും തമ്മിൽ നടന്ന ഉദ്ഘാടനമത്സരം കാണാൻ 82,490 പേരാണ് എത്തിയത്. 40 മത്സരങ്ങൾ കഴിഞ്ഞപ്പോൾഎഎഫ്‌സിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ആരാധക ഇംപ്രഷനുകളും പുതിയ റെക്കോർഡിട്ടു- 1,500 കോടി. ഫെബ്രുവരി 10ന് ഫൈനൽ കൂടി പൂർത്തിയാകുന്നതോടെ ആരാധക എണ്ണത്തിൽ വീണ്ടും പുതിയ അക്കം കുറിക്കാൻ ഖത്തറിനു കഴിയുമെന്നാണ് പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!