ആകാശ ദുരന്തത്തില്‍ മരണം 67; കണ്ടെടുത്തത് 40 മൃതദേഹങ്ങള്‍; എല്ലാം ബൈഡൻ ഭരണത്തിന്റെ കുഴപ്പമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്നലെ വാഷിങ്ടണില്‍ ഉണ്ടായ വിമാനാപകടത്തില്‍ 67 പേർ മരണപ്പെട്ടതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഇതിനകം 40 മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കൻ ഏജൻസികള്‍ അറിയിക്കുന്നു.
മരിച്ചവരില്‍ 14 ഫിഗർ സ്കേറ്റിംഗ് താരങ്ങളും ഉള്‍പ്പെട്ടതായാണ് വിവരം. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെടുത്തു. മുങ്ങല്‍ വിദഗ്ധർ തത്കാലത്തേക്ക് തിരച്ചില്‍ നിർത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്‌ഗൻ നാഷണല്‍ എയർപോർട്ട് പ്രവർത്തനം പുനരാരംഭിച്ചു.
അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളില്‍ സമർപ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി അറിയിച്ചു. ഒരു തെറ്റ് സംഭവിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. അതിനിടെ അപകടത്തില്‍ ബൈഡൻ സർക്കാരിനെ പഴിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മുൻ സർക്കാരിൻ്റെ ഡൈവേർസിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.