എയിംസ് വിഷയം സർക്കാർ പുനഃപരിശോധിക്കണം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
കേന്ദ്രം കേരളത്തിന് അനുവദിക്കാൻ ഇടയുള്ള എയിംസ് കോഴിക്കോട് ജില്ലയ്ക്ക് നൽകാനുള്ള കേരള സർക്കാരിൻ്റെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടും എയിംസ് കാസറഗോഡ് ജില്ലക്ക് അനുവദിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ അഡ്വ. സുബീഷ് ഋഷികേശ് മുഖേന ഹൈ കോടതിയിൽ നൽകിയ ഹരജിയിൻമേൽ വാദം കേട്ട ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റീസ് എസ്. മനു എന്നിവരുടെ ബഞ്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയെടുക്കുന്ന തീരുമാനങ്ങൾ ഗുണത്തിലേറെ ദോഷം ചെയ്യുവാൻ കാരണമായേക്കാവുന്ന സാഹചര്യത്തിൽ ആരോഗ്യ പിന്നോക്ക മേഖലകളെ ഒഴിവാക്കി കൊണ്ട് കോഴിക്കോട് തന്നെ എയിംസ് നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കാൻ കാരണമെന്തെന്ന് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള സർക്കാരിന് നോട്ടീസ് അയച്ച സാഹചര്യത്തിൽ മുൻ തീരുമാനത്തിൽ നിന്നും കേരള സർക്കാർ പിന്നോട്ട് പോകണമെന്നും കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തി പുതിയ പ്രൊപ്പോസൽ കേന്ദ്രത്തിന് നൽകണമെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അനുവദിക്കുന്ന
എയിംസ് കാസറഗോഡ് ജില്ലയിൽ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമര മുഖത്ത് ഇറങ്ങിയത് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയാണെന്നും വേറൊരു ജില്ലയിലും ഇങ്ങിനെ ഒരു ആവശ്യം ഉന്നയിച്ചു കൊണ്ട് ആരും സമരം നടത്തിയിട്ടില്ലെന്നും എന്നിട്ടും ആരോഗ്യ മേഖലയിൽ ഏറെ പിന്നോക്കം നിൽക്കുന്ന കാസർകോടിനെ അവഗണിച്ച് സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ന്യായീകരിക്കാൻ പറ്റില്ലെന്നും കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.