ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക്: ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോര്‍ച്ച; ഇന്ത്യ പിന്മാറണമെന്നാവശ്യം

ദില്ലി: ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 12ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നാണ് ആവശ്യം. കരാർ രാജ്യത്തെ കാർഷിക മേഖലക്ക് കനത്ത തിരിച്ചടിയാകും. പഴച്ചാറുകളുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെ നികുതി രഹിത ഇറക്കുമതി വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.
അതേസമയം, കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയും പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയുവിന്റെ നേതൃത്വത്തില്‍ രാജ്യത്തെ 3000 കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിക്കും. സംയുക്ത കിസാൻ മോർച്ചയുടെയും വിവിധ കർഷക സംഘടനകളുടെയും പിന്തുണയോടെയായിരിക്കും സമരം. തൊഴിലാളി വിരുദ്ധ ലേബർ കോഡുകള്‍ കർണാടകയില്‍ നടപ്പിലാക്കാനുള്ള കോണ്‍ഗ്രസ് സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
കേന്ദ്ര സർക്കാര്‍ നിലപാട്
ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാർ ലോകവ്യാപാരത്തിന്‍റെ 25 ശതമാനത്തെ ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉത്പ്പന്നങ്ങളും ഈ കരാറിന്‍റെ പരിധിയില്‍ വരുമെന്നത് കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നല്‍കും. ഇന്ത്യയിലെ ജ്വല്ലറി മുതല്‍ സ്പോർട്ട് സാമഗ്രികളുടെ നിർമ്മതാക്കള്‍ക്ക് വരെ കരാർ നേട്ടമുണ്ടാക്കുമെന്ന് പീയൂഷ് ഗോയല്‍ വിവരിച്ചു. വാണിജ്യ രംഗത്തെ വലിയ മാറ്റങ്ങള്‍ക്കൊപ്പം പ്രതിരോധ സഹകരണ മേഖലയിലും ഈ കരാർ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യൂറോപ്യൻ വിപണിയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനം ഉത്പന്നങ്ങള്‍ക്കും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ നയതന്ത്ര രംഗത്തെ സുപ്രധാന നാഴികക്കല്ലാണ് ഈ കരാറെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. 2030 വരെയുള്ള ദീർഘകാല സഹകരണം ഉറപ്പാക്കുന്ന തരത്തിലാണ് നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സാമ്ബത്തിക ഉത്തേജനത്തിന് പുറമെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പങ്കാളിത്തം ഉറപ്പാക്കാനും ഈ ഉടമ്ബടി സഹായിക്കും. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായി യൂറോപ്പ് മാറുന്നതിന്‍റെ തുടക്കമാണിതെന്നും വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.

