മന്ത്രി ശിവൻകുട്ടിയുടെ പഴ്സനൽ സ്റ്റാഫും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: ആറുപേർക്ക് പരിക്ക്

അടൂർ: മന്ത്രി ശിവൻകുട്ടിയുടെ പഴ്സനൽ സ്റ്റാഫും സംഘവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. അടൂർ–ചവറ റോഡിൽ മണക്കാല ഭാഗത്തു രാവിലെ 11:30 ഓടെയാണു സംഭവം.
എതിരെ വന്ന വാഹനവുമായി ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 6 പേർക്ക് പരുക്കേറ്റു. അടൂർ പെരിങ്ങനാട് സ്കൂളിൽ ഉദ്ഘാടന പരിപാടിക്കായി എത്തിയതായിരുന്നു മന്ത്രി ശിവൻകുട്ടി.
മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രാജീവ് (47), അസിസ്റ്റന്റ് അഖിലേഷ് (30), ഡ്രൈവർ അനുരാജ് (34) എന്നിവർക്കും മറ്റേ കാറിലുണ്ടായിരുന്ന ബിബിൻ (34), റുബിൻ (40), ജിജി സണ്ണി (44) എന്നിവർക്കുമാണു പരുക്കേറ്റത്. പരുക്കേറ്റവർ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ചടങ്ങിനുശേഷം ശേഷം പരുക്കറ്റവരെ മന്ത്രി സന്ദർശിച്ചു.

