സി.ജെ റോയിയുടെ മരണത്തിൽ ഗൗരകരമായ അന്വേഷണം വേണം: എം.വി ഗോവിന്ദൻ

കണ്ണൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. റെയ്ഡിന്റെ മറവിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മാനസിക പീഡനമാണെന്ന് റോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കേന്ദ്ര അന്വേഷണ ഏജൻസികളെ കുറിച്ചു നേരത്തെയും പരാതികൾ ഉയർന്നിട്ടുള്ളതിനാൽ ഈ സാഹചര്യത്തിൽ ഗൗരകരമായ അന്വേഷണം വേണമെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ ആവശ്യപ്പെട്ടു.
റോയിയുടെ മരണം ദൗർഭാഗ്യകരമാണ്. പരിഹരിക്കാൻ കഴിയാവുന്ന പ്രശ്‌നങ്ങൾ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. എന്നിട്ടും സ്വയം വെടിവെച്ചു മരിച്ചു. റോയി ജീവനൊടുക്കിയ ശേഷവും ആദായ നികുതി വകുപ്പ് പരിശോധന തുടർന്നെന്ന കുടുംബത്തിന്റെ ആരോപണവും എം.വി ഗോവിന്ദൻ എടുത്തു പറഞ്ഞു. രാജ്യത്തെ വ്യവസായികളോടും മറ്റുള്ളവരോടും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻമാർ ഇത്തരത്തിലുള്ള സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

