റുതുരാജ് വെടിക്കെട്ടിന് ഗില്ലിന്റെ മറുപടി, ചെന്നൈയെ തകര്‍ത്ത് ജിടി തുടങ്ങി
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആദ്യ വിജയത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇനിയും കാത്തിരിക്കണം. 16ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ എംഎസ് ധോണിയുടെ സിഎസ്‌കെയെ തകര്‍ത്തെറിഞ്ഞ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ജിടി തുടങ്ങി. ഹാര്‍ദിക് പാണ്ഡ്യയും സംഘവും സ്വന്തം മൈതാനത്തു അഞ്ചു വിക്കറ്റിനാണ് ചെന്നൈയെ മലര്‍ത്തിയടിച്ചത്. കഴിഞ്ഞ സീസണിലെ രണ്ടു മാച്ചിലും ചെന്നൈയെ വീഴ്്ത്തിയ ജിടി ഇത്തവണയും വിജയം ആവര്‍ത്തിക്കുകയായിരുന്നു. ഇരുടീമുകളിലെയും രണ്ടു യുവതാരങ്ങള്‍ തമ്മിലുള്ള മാറ്റുരയ്ക്കലാണ് ഇന്നത്തെ മല്‍സരത്തിന്റെ വിധി നിര്‍ണയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ചെന്നൈ ഏഴു വിക്കറ്റിനു 178 റണ്‍സെന്ന ജയിക്കാമായിരുന്ന ടോട്ടലാണ് പടുത്തുയര്‍ത്തിയത്. റുതുരാജ് ഗെയ്്ക്വാദിന്റെ (92) തീപ്പൊരി ഇന്നിങ്‌സായിരുന്നു ചെന്നൈ ബാറ്റിങിലെ ഹൈലൈറ്റ്. വെറും 50 ബോളുകളില്‍ നിന്നാണ് ഒമ്പതു സിക്‌സറും നാലു ഫോറുമടക്കം റുതുരാജ് ടീമിന്റെ അമരക്കാരനായത്. മറുപടിയില്‍ ടൈറ്റന്‍സിന്റെ റുതുരാജായത് ഇന്ത്യന്‍ സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലായിരുന്നു. 36 ബോളില്‍ 63 റണ്‍സോടെ താരം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു. വൃധിമാന്‍ സാഹ 25ഉം ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സായ് സുദര്‍ശന്‍ 22ഉം റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ചെന്നൈ കളിയില്‍ പിടിമുറുക്കുമെന്നു തോന്നിച്ചെങ്കിലും രാഹുല്‍ തെവാത്തിയ (15*), റാഷിദ് ഖാന്‍ (10*) എന്നിവര്‍ ചേര്‍ന്ന് 19.2 ഓവറില്‍ അഞ്ചു വിക്കറ്റിനു ജിടിയെ വിജയത്തിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- സാഹ ജോടി 37 റണ്‍സ് നേടിയിരുന്നു. സാഹയായിരുന്നു കൂടുതല്‍ അഗ്രസീവായി ബാറ്റ് വീശിയത്. സാഹ പുറത്തായ ശേഷം ഗില്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു. ഇംപാക്ട് പ്ലെയറായി മൂന്നാംനമ്പറിലെത്തിയ സായ് സുദര്‍ശന്‍ മികച്ച ബാറ്റിങാണ് കാഴ്ചവച്ചത്. ഗില്ലിനൊപ്പം 53 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ താരത്തിനു കഴിഞ്ഞു. മല്‍സരം സിസ്‌കെയില്‍ നിന്നും വഴുതിപ്പോയതും ഇതോടെയായിരുന്നു. നേരത്തേ റുതുരാജിന്റെ ഇ്ന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ മറ്റാരും ചെന്നൈ നിലയില്‍ 25 കടന്നില്ല. മോയിന്‍ അലി 23 റണ്‍സെടുത്ത് മടങ്ങി. ഡെവന്‍ കോണ്‍വേ (1), ബെന്‍ ്‌സറ്റോക്‌സ് (7), അമ്പാട്ടി റായുഡു (12), ശിവം ദുബെ (19), രവീന്ദ്ര ജഡേജ (1) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. നായകന്‍ എംഎസ് ധോണി ഏഴു ബോളില്‍ 14 റണ്‍സോടെ പുറത്താവാതെ നിന്നു. ഗുജറാത്ത് ബൗളര്‍മാരില്‍ മൂന്നു പേര്‍ രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, അല്‍സാറി ജോസഫ് എന്നിവരായിരുന്നു ഇവര്‍. ടോസിനു ശേഷം ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ഉള്‍പ്പെടുത്തി ശക്തമായ പ്ലെയിങ് ഇലവനെയാണ് സിഎസ്‌കെ പ്രഖ്യാപിച്ചത്. കൂടാതെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരവും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കറും ഈ മല്‍സരത്തിലൂടെ ചെന്നൈയ്ക്കായി അരങ്ങേറി. നേരത്തേ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷമാണ് ഐപിഎല്ലിന്റെ 16ാം സീസണിലു കൊടിയേറിയത്. ബോളിവുഡിലെ പ്രശസ്ത ഗായകന്‍ അര്‍ജീത്ത് സിങ് തന്റെ ഹിറ്റ് നമ്പറുകളുമായി ആദ്യം കാണികളെ കൈയിലെടുത്തു. പിന്നാലെ ബോളിവുഡ് സുന്ദരികളായ തമന്ന ഭാട്ടിയും രശ്മിക മന്ദാനയും ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി കാണികളെ ആവേശത്തിലാക്കി. പ്ലെയിങ് ഇലവന്‍- ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍,മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍, യഷ് ദയാല്‍, അല്‍സാറി ജോസഫ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്: റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, മോയിന്‍ അലി,ബെന്‍ സ്റ്റോക്‌സ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മിച്ചെല്‍ സാന്റ്‌നര്‍, രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍.