KSDLIVENEWS

Real news for everyone

റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധം ശകതമാകുന്നു; എന്നാൽ പ്രതികൾ ആരെന്ന ചോദ്യം അവശേഷിക്കുന്നു; തിരിച്ചടിയായത് അന്വേഷണത്തിലെ വീഴ്ചയെന്ന് വിലയിരുത്തല്‍

SHARE THIS ON

കോഴിക്കോട്: റിയാസ് മൗലവി കൊലക്കേസില്‍ തിരിച്ചടിയായത് അന്വേഷണത്തിന്റെ തുടക്കം മുതലുണ്ടായ വീഴ്ചയെന്ന് വിലയിരുത്തല്‍. ഗൂഢാലോചന അന്വേഷിക്കാത്തതും പ്രതികളുടെ ആർ.എസ്.എസ് ബന്ധം തെളിയിക്കാനാകാത്തതും തിരിച്ചടിയായി. തെളിവുശേഖരണത്തിലക്കം വീഴ്ചുണ്ടായെന്ന് വിധിന്യായം വ്യക്തമാക്കുന്നു. ലഭ്യമായ തെളിവുകള്‍ പരിഗണിക്കാത്ത ജഡ്ജിയുടെ സമീപനവും വിമർശനവിധേയമാണ്. ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളുടെ മുസ് ലിം വിരോധം കാരണം റിയാസ് മൗലവിയെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍, ഇത് തെളിയിക്കാനാവശ്യമായ വസ്തുതകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിധിന്യായം ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ ആർ.എസ്.എസ് ബന്ധത്തിന് കൃത്യമായി തെളിവ് ഹാജരാക്കിയില്ല. പ്രതികളുടെ മുസ് ലിം വിരോധത്തിന് കാരണമായി പറഞ്ഞ രണ്ടു വസ്തുകകളിലും തെളിവുകളുടെ അഭാവമുണ്ടായി. ഗൂഢാലോചനയില്ലെന്ന നിലപാട് തുടക്കത്തിലേ സ്വീകരിച്ച പൊലീസ് സമീപനത്തില്‍ ഇതോടെ സംശയം ജനിക്കുകയാണ്. തൊണ്ടിമുതലുകളായ കത്തി, മുണ്ട്, ഷർട്ട് എന്നിവയെ പ്രതിയുമായി ബന്ധപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള കണ്ടെത്തലുകളും വിരല്‍ചൂണ്ടുന്നത് അന്വേഷണത്തിലെ വീഴ്ചയിലേക്കാണ്. അതേസമയം, ലഭ്യമായ തെളിവുകളെ അവഗണിച്ച കോടതി നടപടിയിലും നിയമരംഗത്തുള്ളവർ സംശയം പ്രകടിപ്പിക്കുന്നു. പ്രതിഭാഗം ഉന്നയിക്കാത്ത സംശങ്ങള്‍ ഉന്നയിച്ച്‌ തെളിവുകള്‍ തള്ളിക്കളഞ്ഞാണ് ആർ.എസ്.എസുകാരായ പ്രതികളെ വെറുതവിട്ട വിധിയിലേക്ക് എത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വിമർശം. കുടകില്‍ നിന്നുള്ള മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ നീതി ലഭിക്കാത്തതിന് ആരാണ് കുറ്റക്കാരെന്ന മൗലവിയുടെ കുടുംബത്തിന്റെയും കാസർകോട്ടുകാരുകാരുടെയും ചോദ്യം ഉത്തരം ലഭിക്കാതെ കിടക്കുകയാണ്.

പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കോടതി വിധി കേട്ട് റിയാസ് മൗലവിയുടെ ഭാര്യ സൈദ പൊട്ടിക്കരഞ്ഞു. വിധിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ പോലും സങ്കടം കൊണ്ട് അവര്‍ക്കായില്ല. നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അവര്‍ പറഞ്ഞു.

പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ വിധിയില്‍ വളരെ ദുഃഖമുണ്ടെന്നും റിയാസ് മൗലവിയുടെ സഹോദരന്‍ അബ്ദുര്‍ റഹ്‌മാന്‍ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ടവര്‍ തന്നെയോ പിതാവിനെയോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ വിധി കേള്‍ക്കാന്‍ വലിയ പ്രതീക്ഷയോടെയായിരുന്നു റിയാസ് മൗലവിയുടെ ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നത്. കുഞ്ഞ് ഫാത്വിമത് ശബീബയ്ക്ക് ഒപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ വന്നത്. ഇപ്പോഴത്തെ ഭര്‍ത്താവ് അബ്ദുല്‍ മജീദും ഇവരുടെ കൂടെയുണ്ടായിരുന്നു. കോടതി വിധി തങ്ങളെ ഞെട്ടിച്ചുവെന്നാണ് ബന്ധുക്കള്‍ അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!