KSDLIVENEWS

Real news for everyone

US അഭ്യർത്ഥിക്കുന്നുണ്ട്‌, ഞങ്ങൾ പക്ഷേ ഇതുവരെ ചർച്ചയ്ക്ക് ഇരുന്നിട്ടില്ല; ട്രംപിന്റെ വാദം തള്ളി ഇറാൻ

SHARE THIS ON

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുഎസും ഇറാനും ഇടയിൽ ചർച്ചകൾ നടക്കുന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ തള്ളി ഇറാൻ. 31 ദിവസമായി തുടരുന്ന പോരാട്ടത്തിനിടയിൽ യുഎസുമായി നേരിട്ടോ അല്ലാതെയോ ചർച്ച നടന്നിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

യഥാർത്ഥ ചർച്ചകളിൽ ഏർപ്പെടുന്നതിന് പകരം പാകിസ്താൻ ഉൾപ്പെടെയുള്ള ഇടനിലക്കാർ വഴി അമേരിക്ക നിർദ്ദേശങ്ങൾ കൈമാറുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ പറഞ്ഞു. ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കാര്യങ്ങൾ നന്നായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമുള്ള വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇറാന്റെ ഈ നിലപാട്.

‘ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ, ഈ മുപ്പത്തിയൊന്ന് ദിവസങ്ങളിൽ ഒരിക്കൽപോലും ഞങ്ങൾ അമേരിക്കയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ഇടനിലക്കാർ വഴി ഞങ്ങൾക്ക് ചില നിർദേശങ്ങൾ ലഭിച്ചിരുന്നു. അതിൽ ചർച്ചയ്ക്കുള്ള യുഎസിന്റെ അഭ്യർത്ഥനയും ഉണ്ടായിരുന്നു.’ ബഖാഈ ‘എക്‌സി’ൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.

ഇരുരാജ്യങ്ങളും സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിൽ സ്വന്തം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരാനാണ് ഇറാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ നേരിടേണ്ടിവന്നിട്ടുള്ള ‘നയതന്ത്ര വഞ്ചനകൾ’ ഇത്തരം കാര്യങ്ങളിൽ ഇറാനെ കൂടുതൽ ജാഗ്രതയോടെയുള്ള സമീപനത്തിന് പ്രാപ്തരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നേരിട്ടും അല്ലാത്തതുമായ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ഒരു കരാർ ഉടൻ ഉണ്ടായേക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നു. അല്ലാത്തപക്ഷം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അമേരിക്കൻ പ്രസിഡന്റ് ഭീഷണി ഉയർത്തിയിട്ടുണ്ട്. ഭാവിയിലെ ഇടപെടലുകളിൽ പങ്കുവഹിക്കാൻ സാധ്യതയുള്ള വ്യക്തി എന്ന നിലയിൽ മുഹമ്മദ് ബാഖർ ഖാലിബാഫുമായി യുഎസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി രഹസ്യമായും പരസ്യമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന സ്ഥിരീകരിച്ചതും അല്ലാത്തതുമായ വിവരങ്ങൾ പുറത്തുവരുമ്പോഴും ഇറാനും യുഎസിനും ഇടയിൽ വർധിച്ചുവരുന്ന അഭിപ്രായ വ്യത്യാസങ്ങളെയാണ് ഇരുരാജ്യങ്ങളുടെയും നിലപാടുകൾ അടിവരയിടുന്നതെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ (Operation Epic Fury) എന്ന പേരിൽ ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരായി ആരംഭിച്ച ആക്രമണം രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശം ഇറാൻ തള്ളുകയും പകരം ഉപരോധങ്ങളിൽ നിന്നുള്ള മോചനം, നഷ്ടപരിഹാരം, ഹോർമുസ് കടലിടുക്കിന്മേലുള്ള പരമാധികാരം എന്നിവയുൾപ്പെടെയുള്ള സ്വന്തം ആവശ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തതോടെ നയതന്ത്ര ശ്രമങ്ങൾ ഏറെക്കുറെ വഴിമുട്ടിയ സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!