ദേശീയപാതയില്‍ വീണ്ടും അപകടം; നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു, അപകടം ബന്തിയോട്ട്

കാസർകോട്: തകരാറിലായതിനെ തുടർന്ന് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തലപ്പാടി, കെ സി റോഡ് സ്വദേശി മുഹ്യുദ്ദീൻ സിനാൻ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറേകാൽ മണിയോടെ ദേശീയപാതയിലെ ബന്തിയോട്ട് ആണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മുഹ്യുദ്ദീൻ സിനാനെ ഉടൻ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഉപ്പള ഭാഗത്തു നിന്നു കുമ്പള ഭാഗത്തേയ്ക്ക് വരുന്നതിനിടയിലാണ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടത്.
ദിവസങ്ങൾക്കുള്ളിൽ സമാന രീതിയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ചൊവ്വാഴ്ച രാവിലെ ബന്തിയോട്ട് ഉണ്ടായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കറന്തക്കാട്ട് ഫയർ സ്റ്റേഷനു സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ മറ്റൊരു ലോറി ഇടിച്ച് വലിയ അപകടമാണ് ഉണ്ടായത്. അന്ന് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിലാണ് ലോറിക്കു അകത്തു കുടുങ്ങിയ ക്ലീനറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്.
അതേസമയം നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്ത ചെങ്കള-തലപ്പാടി ദേശീയപാതയിൽ മുന്നറിയിപ്പ് ലംഘിച്ചു കൊണ്ടുള്ള വാഹന ഓട്ടം പതിവായിട്ടുണ്ട്. ആറുവരിപാതയിൽ ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്ക് പ്രവേശനമില്ല. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ഇരുചക്രവാഹനങ്ങൾ ചീറിപായുകയാണ്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പോ, പൊലീസോ നടപടി തുടങ്ങിയിട്ടില്ല. സർവ്വീസ് റോഡുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ദേശീയപാതയിലൂടെ പോകുന്ന ബസുകളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതായും പരാതിയുണ്ട്. സർവ്വീസ് റോഡുകളിലെ നടപ്പാതകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതും പതിവായിട്ടുണ്ട്.

