ഗുസ്തി താരങ്ങളുടെ സമരം; പിന്തുണയുമായി അന്താരാഷ്ട്ര ഗുസ്തി സംഘടന, ഇന്ത്യയെ സസ്പെന്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

ഡല്‍ഹി: ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ് സിംഗിനെതിരായ സമരത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുനൈറ്റഡ് വേള്‍ഡ് റെസ്ലിംഗ്. താരങ്ങളുടെ പരാതിയില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജന്തര്‍ മന്ദിറില്‍ സമരത്തിനിടയില്‍ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത നടപടിയേയും സംഘടന അപലപിച്ചു. ‘സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുടെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച് അന്വേഷിക്കാൻ ഉടൻ യോഗം ചേരും’, സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ഡബ്ല്യു എഫ് ഐ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്റ് ചെയ്യുമെന്ന മുന്നറിയിപ്പും സംഘടന നല്കി. ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ (ഐഒഎ) ഏപ്രില്‍ 27 ന് മൂന്നംഗ കമ്മിറ്റി രൂപീകരിക്കുകയും ഡബ്ല്യു എഫ് ഐയുടെ പുതിയ പ്രവര്‍ത്തക സമിതിയെ നിയമിക്കുന്നതിന് തിരഞ്ഞെടുപ്പ് നടത്താൻ 45 ദിവസത്തെ സമയപരിധി നല്‍കുകയും ചെയ്തിരുന്നു. സമയപരിധി പാലിക്കാൻ സാധിച്ചില്ലെങ്കില്‍ ഫെഡറേഷനെ സസ്പെന്റ് ചെയ്യുമെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കുന്നതില്‍ നിന്നും ഗുസ്തി താരങ്ങള്‍ പിൻവാങ്ങി. ഇന്ന് വൈകീട്ടോടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നായിരുന്നു താരങ്ങള്‍ അറിയിച്ചത്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്ന് വ്യക്തമാക്കിയാണ് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് താരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് മെഡലുകളുമായി ഹരിദ്വാറില്‍ താരങ്ങള്‍ എത്തുകയും ചെയ്തു. വൈകാരികമായ നിമിഷങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച് താരങ്ങള്‍ കരഞ്ഞു. വൻ ജനാവലി തന്നെ ഇവര്‍ക്ക് പിന്തുണയുമായി അവിടെ തടിച്ച് കൂടിയിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് നിരവധി പേര് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകാനായിരുന്നു താരങ്ങളുടെ തീരുമാനം. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയെത്തി താരങ്ങളുമായി സംസാരിച്ചു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ളവരാണ് ഹരിദ്വാറില്‍ എത്തിയത്. ഒടുവില്‍ തീരുമാനത്തില്‍ നിന്ന് പിൻവാങ്ങുകയാണെന്ന് താരങ്ങള്‍ അറിയിക്കുകയായിരുന്നു. ബ്രിജ് ഭൂഷനെതിരെ അഞ്ചു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കിയാണ് ഗുസ്തി താരങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്. By Rakhi Oneindia source: oneindia.com

