ആഘോഷമായി ‘ചിരിക്കിലുക്കം’ ജില്ലയിലെ അങ്കണവാടികളിൽ ആദ്യദിനം എത്തിയത് 6,445 കുരുന്നുകൾ

കാസർകോട് ∙ ആടിയും പാടിയും ചിരിച്ചും തുള്ളിച്ചാടിയും കരഞ്ഞു കലങ്ങിയ കണ്ണുമായും ജില്ലയിലെ അങ്കണവാടികളിൽ പ്രവേശനോത്സവത്തിന്റെ ആദ്യദിനത്തിൽ പുതുതായി എത്തിയത് 6445 കുരുന്നുകൾ. കുട്ടികൾക്കു മധുരവും കൈനിറയെ സമ്മാനങ്ങളുമായി വരവേറ്റപ്പോൾ സ്കൂളിലേക്കു പോകുന്ന അങ്കണവാടിയിലെ പൂർവിദ്യാർഥികൾക്കു സമ്മാനപ്പൊതിയും നൽകിയാണ് യാത്രയയപ്പ് നൽകിയത്. ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, അങ്കണവാടി വികസന സമിതി അംഗങ്ങൾ, രക്ഷിതാക്കൾ, വനിതാ–ശിശുവികസന സമതി ഉദ്യോഗസ്ഥർ, അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ളവർ പരിപാടികളിൽ പങ്കാളികളായി. ജില്ലയിൽ 1348 അങ്കണവാടികളാണുള്ളത്. അങ്കണവാടിയിൽ ‘ഇന്നെന്റെ ആദ്യ ദിനം’ എന്ന് എഴുതിയ പ്ലക്കാർഡുകളുമായിട്ടാണു കുട്ടികളെത്തിയത്. പുത്തനുടുപ്പും ബാഗും കുടകളുമായി രക്ഷിതാക്കളുടെ കൂടെ എത്തിയ പൊന്നോമനകളെ ആകർഷിക്കാൻ പല നിറങ്ങളിലുള്ള ബലൂണുകളും തോരണങ്ങളും കെട്ടി അങ്കണവാടികൾ അലങ്കരിച്ചിരുന്നു. കൂടാതെ പല തരത്തിലുള്ള പക്ഷികളും മൃഗങ്ങളും ചിത്രങ്ങളായി ഭിത്തികളിൽ നിരന്നു. ജില്ലയിൽ ഐസിഡിഎസിനു കീഴിലും വർണാഭമായ പ്രവേശനോത്സവം നടത്തി. പഞ്ചായത്തുകളിൽ പഞ്ചായത്തു തല പ്രവേശനോത്സവം നടന്നു. കളിയും പാട്ടും കഥപറച്ചിലുമായി ‘ചിരിക്കിലുക്കം’ എന്ന പേരിൽ ഉത്സവഛായയോടെയാണ് ഓരോ അങ്കണവാടികളിലും ഇത്തവണ പ്രവേശനോത്സവം നടത്തിയത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്ര പ്രചാരണം തയാറാക്കിയിരുന്നു. പുതിയതായി എത്തിയ കുട്ടികൾക്കായി കളർ പുസ്തകങ്ങൾ, ബോക്‌സ്, ക്രയോൺസ് എന്നിവയും പലരും സ്‌പോൺസർ ചെയ്തു. ജില്ലയിൽ ആറായിരത്തോളം കുട്ടികൾ ഇത്തവണ അങ്കണവാടിയിൽ നിന്നും പടിയിറങ്ങി. ഇവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്രവേശനോത്സവത്തിൽ നടത്തി.

