പോലീസ് സാക്ഷ്യപ്പെടുത്തേണ്ട;വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ആര്‍.സി.ലഭിക്കുന്നത് എളുപ്പമാക്കി കേന്ദ്രം

വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് (ഡ്യൂപ്ലിക്കേറ്റ് ആര്‍.സി.) പോലീസ് സാക്ഷ്യപത്രം ഒഴിവാക്കി. കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണിത്. നിലവില്‍ ആര്‍.സി. പകര്‍പ്പിന് അപേക്ഷിക്കുന്നവര്‍ക്ക് പോലീസ് സ്റ്റേഷനില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു.
ആര്‍.സി. കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പോലീസ് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. ഈ നടപടിക്രമം ഒഴിവാക്കി. പത്രപ്പരസ്യം നല്‍കിയശേഷം അതിന്റെ പകര്‍പ്പ് ഹാജരാക്കി ആര്‍.സി. പകര്‍പ്പിന് അപേക്ഷിക്കാം.
വാഹന രജിസ്ട്രേഷന്‍ രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനാല്‍ അസല്‍ പകര്‍പ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകര്‍പ്പെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചത്.
വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുസ്തകരൂപത്തില്‍ നല്‍കിയിരുന്ന കാലത്തുണ്ടായിരുന്ന കാലഹരണപ്പെട്ട നടപടിക്രമങ്ങളായിരുന്നു പോലീസിന്റെ സാക്ഷ്യപത്രം വാങ്ങുന്നത് ഉള്‍പ്പെടെയുള്ളവ. മോട്ടോര്‍വാഹനരേഖകളും ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയതോടെ അസല്‍രേഖകളുടെ പ്രസക്തി കുറഞ്ഞിട്ടുണ്ട്. രേഖകളുടെ ആധികാരികത ഓണ്‍ലൈനില്‍ പരിശോധിക്കാനാകും.
ആര്‍.സി.യുടെ പകര്‍പ്പ് ലഭിക്കണമെങ്കില്‍ പോലീസില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റും, പരസ്യവും മുദ്രപ്പത്രത്തിലെ സത്യവാങ്മൂലവും ആവശ്യമായിരുന്നു. അപേക്ഷയില്‍ ആര്‍.സി.യുടെ ചിത്രവും അപ്ലോഡ് ചെയ്യണം. നഷ്ടമായ രേഖയുടെ ചിത്രമില്ലെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നില്ല.

