KSDLIVENEWS

Real news for everyone

സ്വകാര്യ ബസ്സുകാരുമായി മത്സരം വേണ്ട, പക്വത കാണിക്കണം; കെ.എസ്.ആർ.ടി.സി ഡ്രൈവര്‍മാരോട് മന്ത്രി ഗണേഷ്‌കുമാര്‍

SHARE THIS ON

യാത്രക്കാരെ പേടിപ്പിക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങ് വേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരോട് ആഹ്വാനം ചെയ്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്വകാര്യ ബസ്സുകളുമായും ഇരുചക്ര വാഹനങ്ങളുമായുള്ള മത്സരം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓവര്‍ സ്പീഡ് ചെയ്യാതെയും വളരെ ശ്രദ്ധയോടും വാഹനം ഓടിച്ചാലും കൃത്യമായ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  നമ്മുടെ റോഡുകളുടെ പരിമിതികള്‍ മനസിലാക്കി കൊണ്ട് ചെറിയ വാഹനങ്ങള്‍ വരുമ്പോള്‍ അവരെ പോകാന്‍ അനുവദിക്കുക. സ്‌കൂട്ടറിലും ബൈക്കുകളിലും കാറുകളിലും മറ്റും നമ്മുടെ വാഹനം ഇടിച്ചാല്‍ നമുക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍, അവരോട് ഒരു മത്സരത്തിന് നില്‍ക്കേണ്ട കാര്യമില്ല. ബൈക്കുകളും മറ്റും വന്ന് നമ്മുടെ ബസിന് മുന്നില്‍ നിന്ന് അഭ്യാസം കാണിക്കുന്ന ചിലരുണ്ട്.

അവരോട് ഒരു മത്സരത്തിന് നില്‍ക്കാതിരിക്കുക. നിങ്ങള്‍ പക്വതയോടെ മാത്രം പെരുമാറാന്‍ ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്റെ പ്രിയപ്പെട്ട ഡ്രൈവര്‍മാരെ എന്ന അഭിസംബധന ചെയ്താണ് അദ്ദേഹം ആരംഭിച്ചത്. സ്വകാര്യ ബസ്സുകളുമായുള്ള മത്സരവും വേണ്ടെന്ന് വെക്കണമെന്നാണ് അദ്ദേഹം പറയുന്നത്. മത്സരയോട്ടത്തിന് ചിലപ്പോള്‍ ഇരയാകേണ്ടി വരുന്നത് റോഡരികില്‍ നില്‍ക്കുന്ന ഏതെങ്കിലും നിഷ്‌കളങ്കനായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട പരാതികളും മറ്റും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ഡ്രൈവര്‍മാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം കണ്ടക്ടര്‍മാര്‍ക്കുള്ള സന്ദേശവും കൈമാറിയിരുന്നു. യാത്രക്കാര്‍ യജമാനന്മാരാണെന്നും അവരോട് മര്യാദയോടെ പെരുമാറണമെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സി.യിലെയും സിഫ്റ്റിലെയും കണ്ടക്ടര്‍മാരോട് മന്ത്രി പറഞ്ഞത്. അങ്ങനെ ചെയ്താല്‍ വരുമാനം കൂടും. സമയത്ത് ശമ്പളം കിട്ടാനും അന്തസ്സായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കഴിയും.

യാത്രക്കാരെ ഹൃദയംകൊണ്ട് സ്‌നേഹിക്കുകയൊന്നും വേണ്ടാ, മര്യാദയായി പെരുമാറിയാല്‍മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. യാത്രക്കാരന്റെ കൂടെയുള്ളത് സഹോദരിയാണോ ഭാര്യയാണോ ലവറാണോ എന്നൊന്നും ചോദിക്കേണ്ട. സ്ത്രീക്കും പുരുഷനും ഒന്നിച്ചു യാത്രചെയ്യാം. അവരുടെ റിലേഷന്‍ അറിയേണ്ട കാര്യമില്ല. നമ്മുടെയാവശ്യം യാത്രക്കാര്‍ ബസില്‍ കയറുകയെന്നതാണ്. ഭിന്നശേഷിക്കാരെയും വൃദ്ധരെയും കുഞ്ഞുങ്ങളെയും വണ്ടിയില്‍ കയറ്റാതെ ബെല്ലടിക്കരുത്. സിഫ്റ്റിലെ ചില ജീവനക്കാരുടെ പെരുമാറ്റത്തെപ്പറ്റി വളരെ മോശം അഭിപ്രായമുണ്ടെന്നു മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!