അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാനുള്ള ശ്രമം തുടരും; കെ. സുധാകരൻ

കണ്ണൂർ: പി.വി.അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ. അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ. അൻവറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരിൽ യുഡിഎഫ് ജയിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
അൻവറിന്റെ പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി എന്നും അൻവറിനു മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. അൻവറിന്റെ വോട്ടില്ലെങ്കിലും യുഡിഎഫ് ജയിക്കും. എന്നാൽ മത്സരം കടുക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സ്ഥാനാർഥിയെ അംഗീകരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ സതീശൻ തന്നെ അൻവറിൻെ കൈപിടിച്ച് യുഡിഎഫിൽ കൊണ്ടു വന്നേനെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സ്വരാജിനെ പാർട്ടി നിർബന്ധിച്ച് മത്സരിപ്പിച്ചതാണ്. വിജയം ആര്യാടൻ ഷൗക്കത്തിന് ഉറപ്പാണ്. അൻവറിന്റെ പ്രതികരണമാണ് യുഡിഎഫ് മുന്നണി പ്രവേശനത്തിൽ വിലങ്ങു തടിയായത്. പ്രതിപക്ഷ നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലായെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.