അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കണം; പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളില്‍ പൊലീസിന്റെ പരാതിപ്പെട്ടി സ്ഥാപിക്കും; കേരള പൊലീസ്

തിരുവനന്തപുരം: ജൂണ്‍ 2 തിങ്കളാഴ്‌ച മുതല്‍ പുതിയ അധ്യയന വർഷം തുടങ്ങുകയാണ്. നിരവധി കുട്ടികളാണ് ഈ വർഷം പുതുതായി സ്‌കൂളുകളിലേക്ക് എത്തുന്നത്.
കുട്ടികളുടെ എല്ലാ പരാതികള്‍ക്കും വിഷമങ്ങള്‍ക്കും പരിഹാരവുമായി കേരളാ പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വർഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. കേരളാ പൊലീസിൻ്റെ ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം അറിയിച്ചത്.
സ്‌കൂളുകളില്‍ പൊലീസിൻ്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള സ്‌കൂള്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളില്‍ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ചുമതല നല്‍കും. പരാതി പെട്ടികളില്‍ നിന്നും ലഭിച്ച പരാതികളില്‍ ഓരോ മാസവും സ്കൂള്‍ തലവന്റെ സാന്നിധ്യത്തില്‍ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് വ്യക്തമാക്കി.
പരാതിപെട്ടികള്‍ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂള്‍ തുറക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരിക്കല്‍ വീതവും പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം മാസത്തില്‍ ഒരു തവണ വീതവും കൃത്യമായി പരാതികള്‍ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സ്കൂളില്‍ പരിഹരിക്കേണ്ട പരാതികള്‍ അവിടെ പരിഹരിക്കുമെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൗരവമായതില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്ക് കൈമാറുമെന്നും കുറിപ്പില്‍ പറയുന്നു.