ഉരുൾപൊട്ടൽ; 150 കടന്ന് മരണം, പോത്തുകല്ലില്‍നിന്നു മാത്രം 60 മൃതദേഹങ്ങള്‍; രണ്ടാംദിന രക്ഷാദൗത്യം മുണ്ടക്കൈയിൽ

മേപ്പാടി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടാംദിന രക്ഷാദൗത്യം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം നടത്തും. ദുരന്തത്തിൽ ഇതുവരെ 151 പേരുടെ മരണം സ്ഥിരീകരിച്ചു. 89 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 83 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ചികിത്സയിലുള്ളത്.
ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈ. ചിത്രം∙മനോരമ
നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടമാണ് പൂര്‍ത്തിയാക്കിയത്. ചാലിയാര്‍ പുഴയില്‍നിന്നു മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ല് അങ്ങാടിക്ക് സമീപം പഴയ തോണിക്കടവിനടുത്താണ് മുതദേഹങ്ങൾ കണ്ടത്. പോത്തുകല്ലില്‍നിന്ന് ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെയും ഇന്നു തിരച്ചിൽ നടത്തുന്നുണ്ട്. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്കാരം ഒന്നിച്ചു നടത്തണോ എന്ന കാര്യത്തിൽ തീരുമാനമായില്ല. മുണ്ടക്കൈ ഭാഗത്ത് അന്‍പതിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. 45 ദുരിതാശ്വാസ ക്യാംപുകളിലായി 3,069 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഉരുൾപൊട്ടൽ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്‌ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും എത്തിയ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ കയറിനിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. മലവെള്ളത്തിൽ വന്നടിഞ്ഞ വൻമരങ്ങൾക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു. ഇന്ന് ഉച്ചയോടെ താൽക്കാലിക പാലത്തിന്റെ നിർമാണം ആരംഭിക്കും.
അതേസമയം, ദുരന്തസ്ഥലം കാണാനെത്തുന്നവരുടെ തിരക്കേറുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാർ വയനാട്ടുകാരന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ‍് കരുതണം. താമരശേരി ചുരം രണ്ടാം വളവിൽ വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല.

