KSDLIVENEWS

Real news for everyone

വിലാപഭൂമിയായി വയനാട്: മരണം 200 ആയി; ഇനിയും കണ്ടെത്താനുള്ളത് 218 പേരെ

SHARE THIS ON

കല്പറ്റ: ഉരുള്‍പൊട്ടലില്‍ വിലാപഭൂമിയായി മാറിയ വയനാട്ടില്‍ ആശങ്കയുയര്‍ത്തി മരണസംഖ്യയും ഉയരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ അനൗദ്യോഗികവിവരം. അതേസമയം, 79 പുരുഷന്മാരും 64 സ്ത്രീകളും ഉള്‍പ്പെടെ 143 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു.


225 പേരാണ് പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത്. ഇനിയും 218 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയില്‍നിന്ന് ലഭിക്കുന്ന വിവരം. കാണാതായവരുടെ എണ്ണം ഇത്രയേറെ വലുതാണ് എന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്.



ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ബുധനാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കരസേനയും വ്യോമസേനയും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പോലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവരും നിരവധി സന്നദ്ധപ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റുസംവിധാനങ്ങളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ശ്രമം. സൈന്യത്തിന്റെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിര്‍മിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.

കൂറ്റന്‍ പാറക്കല്ലുകള്‍ക്കടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കോണ്‍ക്രീറ്റ് കട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളുടെ അപര്യാപ്തതയും നേരിടുന്നുണ്ട്.

ദുരന്തബാധിതമേഖലയില്‍നിന്ന് രക്ഷപ്പെടുത്തിയവരെ വിവിധ ദുരിതാശ്വാസക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏഴായിരത്തോളം പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടിയിലെ എട്ട് ക്യാമ്പുകളില്‍ മാത്രം ആയിരത്തിലധികം പേരുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!