ട്രംപിന്റെ പുതിയ നികുതി നയം: രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍

ന്യൂയോർക്ക്/ന്യൂഡല്‍ഹി: ഇന്ത്യൻ കയറ്റുമതിക്ക് 25% തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയതോടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു.
കഴിഞ്ഞ 90 ദിവസത്തിനിടെ രൂപയുടെ മൂല്യം 28 പൈസ കുറഞ്ഞ് 87.71 നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങുന്നതാണ് ഇന്ത്യക്കെതിരെ അധിക ഇറക്കുമതി നികുതി അമേരിക്ക ചുമത്തുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഏറ്റവുമധികം വാങ്ങുന്നത് റഷ്യയുടെ യൂറല്‍സ് ഗ്രേഡ് ക്രൂഡ് ഓയിലാണ്. റഷ്യക്ക് പിന്നാലെ സഊദി അറേബ്യ, ഇറാഖ്, യു എ ഇ, ഇറാൻ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ട്രംപിന്റെ പുതിയ നികുതിതീരുവകള്‍ ഇന്ത്യയുടെ സാമ്ബത്തിക വളർച്ചക്കും കയറ്റുമതിക്കും തിരിച്ചടിയാകുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ നിരീക്ഷണം.
യു എസ് ഡോളറിനെതിരെ ആഭ്യന്തര കറൻസി 87.71 ല്‍ ആരംഭിച്ചെങ്കിലും തുടർച്ചയായ അഞ്ചാം ദിവസവും ഇടിവോടെ ഒരു ഡോളറിന് 87.43 ന് രൂപയിലായിരുന്നു അവസാനിച്ചത്. നിലവില്‍ ഏഷ്യൻ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായ ഇന്ത്യൻ രൂപക്ക് 3.25% ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇടിഞ്ഞത്.

