ബലാത്സംഗവും ലൈംഗികാതിക്രമവും: കാലതാമസം നടന്മാര്‍ക്ക് രക്ഷയാകില്ല, മുന്‍കൂര്‍ജാമ്യം വെല്ലുവിളി
കൊച്ചി: മുകേഷ്, സിദ്ദിഖ് തുടങ്ങിയ നടന്മാരുടെപേരില്‍ ലൈംഗികാതിക്രമത്തിനപ്പുറം ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയതോടെ മുന്‍കൂര്‍ജാമ്യം വലിയ വെല്ലുവിളിയാകുമെന്ന് നിയമവിദഗ്ധര്‍. പരാതിക്കുണ്ടായ കാലതാമസം പ്രതികള്‍ക്ക് രക്ഷയായേക്കുമെന്ന വിലയിരുത്തലിനിടയിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബര്‍ മൂന്നുവരെ സെഷന്‍സ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും അന്തിമതീരുമാനത്തിന് പരാതിക്കാരിയുടെ മൊഴിയടക്കം നിര്‍ണായകമാവും.
പരാതി ഉന്നയിക്കാനുണ്ടായ കാലതാമസമാണ് പ്രതികള്‍ പ്രധാനമായും കോടതിയില്‍ ഉന്നയിക്കുക. മുകേഷിനെതിരായ ആരോപണത്തിന് 14 വര്‍ഷത്തെയും സിദ്ദിഖിനെതിരായ ആരോപണത്തിന് എട്ടുവര്‍ഷത്തെയും പഴക്കമുണ്ട്.
എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് മാത്രമാണ് പരാതി പറയാനുള്ള ധൈര്യം ലഭിച്ചതെന്നതിനാല്‍ കാലതാമസം എന്ന വാദം പ്രതികള്‍ക്ക് സഹായകരമാകില്ലെന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി പറഞ്ഞു. എന്നാല്‍, ജാമ്യമാണ് ചട്ടം എന്നതിനാല്‍ ബലാത്സംഗക്കേസിലും കാലതാമസം മുന്‍കൂര്‍ജാമ്യത്തിന് പരിഗണിക്കപ്പെട്ടേക്കാം എന്ന് സുപ്രീംകോടതി അഭിഭാഷകനായ എം.ആര്‍. അഭിലാഷ് പറഞ്ഞു.
സംവിധായകന്‍ വി.കെ. പ്രകാശാണ് മുന്‍കൂര്‍ജാമ്യം തേടി ഇതിനോടകം ഹൈക്കോടതിയില്‍ എത്തിയത്. നടന്‍മാര്‍ പലരും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
2009-ല്‍ സംവിധായകന്‍ രഞ്ജിത്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് ബംഗാളി നടി ആരോപിച്ചിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് ചുമത്തുന്ന ഐ.പി.സി.യിലെ വകുപ്പ് 354, 2009-ല്‍ ജാമ്യംകിട്ടുന്ന കുറ്റമായിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം 2013-ല്‍ ക്രിമിനല്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയോടെയാണ് ലൈംഗികാതിക്രമം ജാമ്യമില്ലാകുറ്റമായത്. എന്നാല്‍, ക്രിമിനല്‍ നിയമഭേദഗതിക്ക് മുന്‍കാലപ്രാബല്യം ഇല്ലാത്തത് രഞ്ജിത്തിന് ആശ്വാസകരമാണ്.
ക്രിമിനല്‍ക്കേസില്‍ പ്രതിയാകുന്നത് ജനപ്രതിനിധികള്‍ക്ക് തത്സ്ഥാനത്ത് തുടരുന്നതിന് തടസ്സമല്ല. എന്നാല്‍, ബലാത്സംഗം അടക്കമുള്ള കേസുകളില്‍ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ജനപ്രാതിനിധ്യനിയമപ്രകാരം ജനപ്രതിനിധിയായി തുടരാനാകില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ടാകും.