KSDLIVENEWS

Real news for everyone

ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി; ശ്രീജേഷിന് കര്‍വ് ഇ.വി. നല്‍കി ആദരിച്ച് ടാറ്റ മോട്ടോഴ്‌സ്

SHARE THIS ON

പാരീസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളിയായ പി.ആര്‍.ശ്രീജേഷിനെ ആദരിച്ച് ടാറ്റ മോട്ടോഴ്‌സ്. കമ്പനി ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിച്ച ഇലക്ട്രിക് മോഡലായ കര്‍വ് ഇ.വിയാണ് ശ്രീജേഷിന് സമ്മാനിച്ചത്. കൊച്ചിയില്‍ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് ഒണ്‍ലി ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന് പുതിയ വാഹനം സമ്മാനിച്ചത്. കുടുംബസമേതം എത്തിയാണ് അദ്ദേഹം സമ്മാനം സ്വീകരിച്ചത്.
ടോക്യോ ഒളിമ്പിക്സിനു പിന്നാലെ പാരീസ് ഒളിമ്പിക്സിലും ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു. രണ്ടിലും ശ്രീജേഷ് നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. ഗെയിംസിലെ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്. ഇതിനുള്ള ആദരമെന്നോണമാണ് അദ്ദേഹത്തിന് ഏറ്റവും മികച്ച സമ്മാനം നല്‍കാന്‍ ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചത്.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ക്രിയേറ്റീവ്, അക്കംബ്ലിഷ്ഡ്, അക്കംബ്ലിഷ്ഡ് പ്ലസ് എസ്, എംപവേര്‍ഡ് പ്ലസ്, എംപവേര്‍ഡ് പ്ലസ് എ എന്നീ വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 17.49 ലക്ഷം രൂപയിലാണ്. കര്‍വ് ഇ.വി. 45 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് 17.49 ലക്ഷം രൂപ മുതല്‍ 19.29 ലക്ഷം രൂപ വരെയും 55 കിലോവാട്ട് ഓപ്ഷന് 19.25 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇതിലെ ഉയര്‍ന്ന വകഭേദമാണ് സമ്മാനിച്ചിരിക്കുന്നത്.

150 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് 45 കിലോവാട്ട് ബാറ്ററി പാക്കുള്ള മോഡലിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 502 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് എം.ഐ.ഡി.സി. ഉറപ്പാക്കിയിട്ടുള്ള റേഞ്ച്. എന്നാല്‍, ടാറ്റ മോട്ടോഴ്സിന്റെ സി75 ടെസ്റ്റ് അനുസരിച്ച് ഈ വാഹനത്തിന് 350 കിലോമീറ്റര്‍ റേഞ്ച് ഉറപ്പിക്കാമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിനാകും.

ലോങ് റേഞ്ച് മോഡലായ 55 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷനില്‍ 167 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കുന്നത്. 585 കിലോമീറ്ററാണ് ടെസ്റ്റിങ് ഏജന്‍സികള്‍ ഈ വാഹനത്തിന് പറയുന്ന റേഞ്ച് എങ്കിലും സി75 ടെസ്റ്റ് അനുസരിച്ച് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് ഉറപ്പുനല്‍കിയിട്ടുള്ളത്. 8.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതും ഈ വാഹനത്തിന്റെ സവിശേഷതയാണ്.

error: Content is protected !!