KSDLIVENEWS

Real news for everyone

ഗസ്സയിലെ ക്രിസ്ത്യൻ സ്‌കൂളിലും സാംസ്‌കാരികകേന്ദ്രത്തിലും ബോംബിടുമെന്ന് ഇസ്രായേല്‍ ഭീഷണി

SHARE THIS ON

ഗാസസിറ്റി: ഇസ്രായേല്‍ കൂട്ടക്കുരുതില്‍ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8,000 കടന്നിരിക്കുകയാണ്.

യു.എസ് ഉള്‍പ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണയോടെ ഇപ്പോഴും മുടക്കമില്ലാതെ ആക്രമണം തുടരുകയാണ് ഇസ്രായേല്‍ സേന. അതിനിടെ, ഗസ്സയിലെ ക്രിസ്ത്യൻ സാംസ്‌കാരിക കേന്ദ്രവും സ്‌കൂളും ആക്രമിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതായാണു പുതിയ വിവരം.

ഗസ്സ ഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച്‌ ജോര്‍ദാൻ ചാനലായ റുഅ്‌യാ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗസ്സയില്‍ സ്ഥിതി ചെയ്യുന്ന അറബ് ഓര്‍ത്തഡോക്‌സ് കള്‍ച്ചറല്‍ ആൻഡ് സോഷ്യല്‍ സെന്ററിനും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാട്രിയാക്കേറ്റ് സ്‌കൂളിനുമാണു മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകൻ യൂനിസ് തിറാവിയുടെ എക്‌സ് പോസ്റ്റ് ഫലസ്തീനില്‍നിന്നുള്ള ക്രിസ്ത്യൻ പുരോഹിതനായ മുൻദര്‍ ഇസാഖും പങ്കുവച്ചിട്ടുണ്ട്.

ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ രണ്ടിടത്തും നൂറുകണക്കിന് ഫലസ്തീനികള്‍ അഭയം തേടിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് കള്‍ച്ചറല്‍ സെന്ററില്‍ ആയിരത്തോളം പേരും ഗ്രീക്ക് സ്‌കൂളില്‍ 500ലേറെ പേരും അഭയാര്‍ത്ഥികളായി കഴിയുന്നുണ്ടെന്ന് യൂനിസ് റിപ്പോര്‍ട്ട് ചെയ്യുന്നു

അതിനിടെ, ഗസ്സയിലെ ഫലസ്തീൻ റെഡ് ക്രസന്റ് ആസ്ഥാനത്തിനടുത്തും ഇസ്രായേല്‍ ആക്രമണം നടന്നു. ഗസ്സയില്‍ അടിയന്തര മാനുഷിക സഹായങ്ങളുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ കേന്ദ്രമാണ് റെഡ് ക്രസന്റ് ആസ്ഥാനം. ഇതിനു പുറമെ ഗസ്സയിലെ ആശുപത്രികളെ ലക്ഷ്യമിട്ടും ഇസ്രായേല്‍ ആക്രമണമുണ്ടായി. തല്‍ അല്‍ഹവായിലെ അല്‍ഖുദ്‌സ് ആശുപത്രിയിലും നുസൈറാത് ക്യാംപിലും ശുജൈയ്യയിലുമെല്ലാം ആക്രമണം നടന്നു. ദക്ഷിണ ഗസ്സയിലുള്ള കാൻസര്‍ ആശുപത്രിയായ തികാ ഹോസ്പിറ്റലിന്റെ പരിസരത്തും അല്‍ശിഫാ ആശുപത്രിക്കടുത്തും ബോംബിട്ടതായി യൂനിസ് എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!