രാജ്യാന്തര പുസ്തകമേളയ്ക്ക് നാളെ ഷാര്‍ജയിൽ തിരിതെളിയും; ഒരുക്കങ്ങൾ പൂർത്തിയായി

ഷാർജ∙ അക്ഷരവെളിച്ചം പകരാൻ 42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്ഐബിഎഫ്) നാളെ ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 12 വരെയാണ് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പുസ്തകമേള. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മനോരമ പബ്ലിക്കേഷൻസ് അടക്കം നൂറോളം പ്രസാധകർ ഇതിനകം മേളയിലെ ഏഴാം നമ്പർ ഹാളിലെ ഇന്ത്യൻ പവിലിയനിൽ ഒരുക്കം പൂർത്തിയായി വരുന്നു. മറ്റു പരിപാടികളുടെ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. കേരളത്തിൽ നിന്ന് ചില എഴുത്തുകാരും ഇതിനകം ഷാർജയിൽ എത്തിചേർന്നു.
ഇന്ത്യൻ പവിലിയനിലെ റൈറ്റേഴ്സ് ഫോറം. ചിത്രം: മനോരമ
റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ ആയിരിക്കും ഈ വര്‍ഷത്തെ വിശിഷ്ടാതിഥി. ‘ഈ വർഷത്തെ മികച്ച സാംസ്കാരിക വ്യക്തിത്വമായി’ തിരഞ്ഞെടുക്കപ്പെട്ട ലിബിയൻ എഴുത്തുകാരനും നോവലിസ്റ്റുമായ ഇബ്രാഹിം അൽ കോനിക്ക് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. നമുക്ക് പുസ്തകങ്ങളെക്കുറിച്ച് പറയാം എന്ന പ്രമേയത്തിൽ നടക്കുന്ന മേളയില്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് നിരവധി പ്രഗല്‍ഭരെത്തുന്നു. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കു വയ്ക്കും.
പുസ്തകമേളയിൽ നിന്നുള്ള ദൃശ്യം
സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, നീനാ ഗുപ്ത, നിഹാരിക, കരീനാ കപൂര്‍, കജോള്‍ ദേവ്ഗന്‍, അജയ് പി.മങ്ങാട്ട്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, യാസ്മിന്‍ കറാച്ചിവാല, അങ്കുര്‍ വാരികൂ, മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ അതിഥികളാകുന്നത്.

