കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടണം; കെ.ആർ.പി.എ
കാഞ്ഞങ്ങാട്: വടക്കൻ കേരളീയരുടെ യാത്രദുരിതത്തിന് പരിഹാരമായി ആരംഭിച്ച കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിൻ നവംബർ ഒന്ന് മുതൽ എല്ലാ ദിവസത്തിലുമാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്പെഷൽ ട്രെയിൻ സ്ഥിരപ്പെടുത്തി എല്ലാ ദിവസത്തിലുമാക്കണമെന്ന് കാഞ്ഞങ്ങാട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്‌ലം ആവശ്യപ്പെട്ടു. ഇതേവരെ ആഴ്ചയിൽ നാല് ദിവസം സർവിസ് നടത്തിയ ട്രെയിനാണ് എല്ലാ ദിവസത്തിലുമാക്കി ഡിസംബർ 31വരെ നീട്ടിയത്.
അത്യുത്തര കേരളത്തിലെ യാത്രക്കാർക്കുകൂടി പ്രയോജനപ്പെടുംവിധം ഷൊർണൂർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടിയാൽ ദിനംപ്രതി മംഗളൂരു വരെ പോയി തിരിച്ചെത്തുന്ന വടക്കൻ കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷനൽ റെയിൽവേ മാനേജർ പാലക്കാട്, റെയിൽവേ കൺസൽട്ടേറ്റിവ് കമ്മിറ്റി അംഗം കൂടിയായ പാർലമെന്റംഗം രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർക്കയച്ച സന്ദേശത്തിൽ ടി. മുഹമ്മദ് അസ് ലം ആവശ്യപ്പെട്ടു.