വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ സ്ഫോടനം: ടെലിഫോൺ എക്സ്ചേഞ്ച് തകർത്തു; ക്ഷമ പരീക്ഷിക്കരുതെന്ന് താലിബാൻ

പെഷാവർ: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സായുധരായ അജ്ഞാതർ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടം സ്ഫോടനത്തിൽ തകർത്തു. തെക്കൻ വസീറിസ്ഥാൻ അതിർത്തിയിലുള്ള ലഖി മർവാത്ത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചിനു സ്ഫോടനത്തിൽ കനത്ത നാശനഷ്ടം സംഭവിച്ചു. ആളപായമില്ല.
ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. അഫ്ഗാനിസ്ഥാനോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദി ആക്രമണങ്ങൾ അടുത്തിടെ വർധിച്ചിരുന്നു. സർക്കാർ കെട്ടിടങ്ങൾ, ഉദ്യോഗസ്ഥർ, സുരക്ഷാ സേന എന്നിവരെയാണ് ഭീകരവാദികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഭീകരവാദികൾക്ക് അഫ്ഗാനിസ്ഥാൻ സഹായം നൽകുന്നതായാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. ഇതിന്റെ പേരിൽ അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു.
സംഘർഷത്തിൽ ഇരുവശത്തും ആൾനാശമുണ്ടായി. തുർക്കിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ വെടിനിർത്തലിനു ധാരണയായിട്ടുണ്ട്. തുടർ ചർച്ചകൾ നവംബറിൽ നടക്കും. എന്നാൽ, ഇരു രാജ്യങ്ങൾക്കും ഇടയിലെ സംഘർഷം ശമിച്ചിട്ടില്ലെന്നാണ് പ്രസ്താവനകൾ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ക്ഷമയെ ദൗർബല്യമായി കണക്കാക്കരുതെന്ന് താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. ഇനിയും പരീക്ഷണങ്ങൾക്ക് മുതിർന്നാൽ തിരിച്ചടി ശക്തമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

