KSDLIVENEWS

Real news for everyone

ഇസ്രായേലിൽ സൈനിക സേവനത്തിനെതിരെ ലക്ഷങ്ങൾ തെരുവിലിറങ്ങി; വൻ സംഘർഷം, ഒരാൾ മരിച്ചു

SHARE THIS ON

ജറുസലേം: ഇസ്രായേലിൽ നിർബന്ധിത സൈനിക സേവനത്തിനെതിരെ വൻ പ്രതിഷേധവുമായി അതീവ യാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികൾ തെരുവിലിറങ്ങി. ‘ദലക്ഷം പേരുടെ പ്രതിഷേധം’ എന്ന പേരിൽ നടന്ന പരിപാടി സംഘർഷത്തിലും ഒരു യുവാവിന്റെ മരണത്തിലും കലാശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ജറുസലേമിന്റെ പ്രവേശന കവാടം തടസ്സപ്പെടുത്തിക്കൊണ്ട് രണ്ട് ലക്ഷത്തിലേറെ ഹരേദികളാണ് പ്രതിഷേധത്തിൽ അണിനിരന്നത്.

പ്രകടനം കാണാൻ ബഹുനില കെട്ടിടത്തിൽ കയറിനിന്ന യുവാവ് ദുരൂഹസാഹചര്യത്തിൽ വീണുമരിച്ചു. മെനാഹേം മെൻഡൽ ലിറ്റ്‌സ്‌മാൻ എന്ന 20കാരനാണ് മരിച്ചത്. ഇയാളുടെ മരണം ആത്മഹത്യയാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരമധ്യത്തിലെ പണിതീരാത്ത കെട്ടിടത്തിൽനിന്നാണ് യുവാവ് വീണത്. മരണവാർത്ത പരന്നതോടെ സംഘാടകർ പ്രതിഷേധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും സുരക്ഷിതമായി പിരിഞ്ഞുപോകാൻ പങ്കെടുത്തവരോട് ആവശ്യപ്പെടുകയും ചെയ്തു.

പരിപാടി അവസാനിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രാർത്ഥനാ റാലി എന്ന നിലയിലാണ് പ്രതിഷേധം പ്രഖ്യാപിച്ചതെങ്കിലും ഏകദേശം 2,00,000 പേരടങ്ങുന്ന ജനക്കൂട്ടത്തിൽ ചിലർ അക്രമാസക്തരായി. ചിലർ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ തത്സമയ സംപ്രേക്ഷണത്തിനിടെ വെള്ളക്കുപ്പികളും മറ്റ് വസ്തുക്കളും എറിയുകയും വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തോടെയാണ് റിപ്പോർട്ടിങ് തുടർന്നത്.

സമരക്കാരെ പിരിച്ചുവിടാൻ ബലംപ്രയോഗിച്ചത് പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചു. പ്രതിഷേധം അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടും നൂറുകണക്കിന് യുവാക്കൾ നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ലിറ്റ്‌സ്‌മാൻ വീണു മരിച്ച സ്ഥലത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തു.

ഭിന്നതകൾ മറന്ന് ഹരേദി സമൂഹം ഒരുമിച്ചു; ഗതാഗത സംവിധാനങ്ങൾ താളംതെറ്റി
കടുത്ത വിഭാഗീയത നിലനിൽക്കുന്ന ഹരേദി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച അപൂർവ റാലിയായിരുന്നു ഇസ്രായേൽ കണ്ടത്. ‘ഞങ്ങളെ മതപരമായി ഇല്ലാതാക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഞങ്ങളെ നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്’ – സമരത്തിൽ പങ്കെടുത്ത 65 വയസ്സുകാരനായ എഫ്രേം ലുഫ് അഭിപ്രായപ്പെട്ടു. റാലിക്ക് മുന്നോടിയായി പതിനായിരക്കണക്കിന് ഹരേദി പുരുഷന്മാർ ബസ്സുകളിലും ട്രെയിനുകളിലുമായി ജറുസലേമിലേക്ക് ഒഴുകിയെത്തി. ഇതോടെ നഗരത്തിലും പരിസരത്തും ഗതാഗത സംവിധാനങ്ങൾ താളംതെറ്റി. പ്രതിഷേധക്കാരെ വഹിച്ചെത്തിയ ബസ് ഇടിച്ചതിനെ തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

ഇസ്രായേൽ പ്രതിരോധ സേനയിൽ നിർബന്ധിത സേവനം അനുഷ്ടിക്കണമെന്ന നിയമത്തിൽ ഹരേദി യുവാക്കൾക്ക് ഇളവുണ്ടായിരുന്നു. എന്നാൽ, 2023 ജൂണിൽ ഇത് അവസാനിപ്പിച്ചു. തുടർന്ന് സൈന്യത്തിൽ ചേരുന്നതിൽനിന്ന് പിന്മാറുന്നവരെ പൊലീസ് വ്യാപകമായി അറസ്റ്റ് ചെയ്യാൻതുടങ്ങി. കഴിഞ്ഞ മാസങ്ങളിൽ 870ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്.

ഹരേദി യെശീവാ വിദ്യാർഥികൾക്ക് സൈനിക സേവനത്തിൽ നൽകിയിരുന്ന പൂർണ ഇളവ് അവസാനിച്ചതുമുതൽ ഇസ്രായേലിൽ ഇത് കടുത്ത തർക്കവിഷയമാണ്. സൈന്യത്തിൽ ചേർക്കാൻ നടപടിയെടുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹരേദി പാർട്ടികളായ ഷാസ്, യുണൈറ്റഡ് തോറ ജുദായിസം എന്നിവയുടെ എതിർപ്പ് കാരണം സഖ്യം തകരുമെന്ന ഭയത്താൽ സർക്കാർ ഇതുവരെ നിയമം പാസാക്കിയിട്ടില്ല. എന്നാൽ, ഗസ്സയിൽ വംശഹത്യ നടത്താൻ 12,000 അധിക സൈനികരെ ഐ.ഡി.എഫ് ആവശ്യപ്പെട്ടതോടെയാണ് നിർബന്ധിത സേവനത്തിന് ഹരേദികളോട് ആവശ്യപ്പെട്ടത്. ഇതാണ് അറസ്റ്റിലും പ്രതിഷേധത്തിലും കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!