കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: കേരളജ്യോതി എം.ആര്. രാഘവ വാര്യര്‍ക്ക്; കേരളപ്രഭ പി.ബി. അനീഷിനും രാജശ്രീ വാര്യര്‍ക്കും

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മതിയായ സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. വോട്ടർമാർക്ക് തത്സമയം തിരക്ക് സംബന്ധിച്ച് അറിയിപ്പുകൾ ലഭ്യമാകുന്ന വിധത്തിൽ ആപ്പ് സജ്ജീകരിക്കണമെന്ന് നിർദേശം. വോട്ടർമാർ ജനാധിപത്യത്തിന്റെ സൂപ്പർസ്റ്റാറുകളാണ്. അവരെ ബഹുമാനിക്കുകയും ബൂത്തുകളിൽ മികച്ച പരിഗണന നൽകുകയും വേണമെന്നും കോടതി പറഞ്ഞു.
വോട്ടർമാർ ജനാധിപത്യത്തിന്റെ സൂപ്പർ സ്റ്റാറുകളാണ്. അവരെ ബഹുമാനിക്കുകയും പരിഗണന നൽകുകയും വേണം. വോട്ടർ പോളിംഗ് ബൂത്തിൽ എത്തിയിട്ടും നീണ്ട നിര കാരണം വോട്ട് ചെയ്യാതെ മടങ്ങിയാൽ അത് ജനാധിപത്യത്തിൻറെ മരണമണിയെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരക്ക് നിയന്ത്രിക്കാൻ ക്യൂ മാനേജ്മെൻ്റ് ആപ്പ് സജ്ജീകരിക്കുന്നത് പരിഗണിക്കണം.വോട്ടർമാർക്ക് തൽസമയം തിരക്ക് സംബന്ധിച്ച് അറിയിപ്പുകൾ ലഭ്യമാക്കുന്ന വിധത്തിൽ ആപ്പ് സജ്ജീകരിക്കണം. പരമാവധി 1200 പേർക്കാണ് ഒരു ഗ്രാമപഞ്ചായത്തിലെ ബൂത്തിൽ വോട്ടുണ്ടാവുക. അത് നഗരസഭയിലേക്ക് വരുമ്പോൾ ഏകദേശം 1500 വരെ കാണും. ഇത്രയുമാളുകൾ വോട്ട് ചെയ്യുന്നതിനായി ബൂത്തുകളിലേക്ക് വരുമ്പോൾ സ്വാഭാവികമായും ഒരു വോട്ടർക്ക് വളരെ ചുരുങ്ങിയ സമയം മാത്രമേ ലഭിക്കുന്നുള്ളു. ഈ വിഷയം ഉന്നയിച്ചുകൊണ്ട് എൻ.എം താഹ, പി.വി ബാലചന്ദ്രൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ തിരക്കുകൾ കുറയ്ക്കാനും പ്രക്രിയകൾ സുഗമമാക്കാനും കഴിയുകയുള്ളൂവെന്ന് ഇവർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ഈ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം.
എന്നാൽ, ഡിസംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിക്കാനിരിക്കെ ഹൈക്കോടതിയുടെ ഇടപെടലുകൾ മൊത്തം സംവിധാനങ്ങളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നതിനാൽ സാധ്യമാകുന്നത്രയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. കൂടുതൽ ബൂത്തുകൾ ഏർപ്പെടുത്തുന്നത് ഭാവിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്നും നിർദേശമുണ്ട്.

