എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകികൊണ്ടുളള പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആർ.ടി.യുടെ വെബ്സൈറ്റിലാണ് പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്.
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്ക് ഇത്തവണ തിരഞ്ഞെടുക്കാൻ അധികചോദ്യങ്ങൾ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
ചോദ്യങ്ങളുടെ എണ്ണംകൂടും. ഇവ വായിച്ചുമനസ്സിലാക്കാൻ കൂടുതൽസമയം വേണ്ടിവരുന്നതിനാൽ സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) കൂട്ടുമെന്നും വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇവയിൽ കൂടുതൽ ചോദ്യങ്ങളും കൂുതൽ ശ്രദ്ധ നൽകേണ്ടുന്ന പാഠഭാഗത്തിൽ നിന്നായിരിക്കും. പാഠഭാഗങ്ങൾ www.education.kerala.gov.in, www.scertkerala.gov.in എന്നീ വെബ്സൈറ്റ് കളിൽ ലഭ്യമാണ്.
അതേസമയം സംസ്ഥാനത്ത് സ്കൂളുകൾ നാളെ മുതൽ തുറക്കും.കോവിഡിന്റെ ആശങ്കയ്ക്കിടയിൽ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾ ഓൺലൈൻവഴിയാണ് നടത്തിയത്. എന്നാൽ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ജനുവരി ആദ്യവാരത്തോടെ സ്കൂൾ, കോളേജുതല ക്ലാസുകൾ ആരംഭിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ വേണ്ട മുന്നൊരുക്കങ്ങളോടെയാണ് സ്കൂളുകൾ തുറക്കുന്നത്. വിദ്യാർഥികൾ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചിട്ടുണ്ട്.