കെ.എസ്.ആർ.ടി.സിയുടെ ഗവി വിനോദയാത്രാ ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു: ആർക്കും പരിക്കില്ല; സംഭവം കോട്ടയത്ത്

കോട്ടയം: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
തീപിടിച്ച ബസ്
മുപ്പത്തഞ്ചോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മലപ്പുറത്തുനിന്ന് പത്തനംതിട്ടയിലെ ഗവിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർ ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു.
ബസിൽ തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ബസിലെ ഡ്രൈവറെ വിവരം അറിയിച്ചത്. ഇത് യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കാനും വലിയ ദുരന്തം ഒഴിവാക്കാനും സഹായിച്ചു. പൊൻകുന്നം ഡിപ്പോയിൽനിന്ന് മറ്റൊരു ബസ് കൊണ്ടുവന്ന് യാത്രക്കാരെ റാന്നിയിൽ എത്തിച്ചു.

