യാത്രക്കാർക്ക് സന്തോഷവാർത്ത; ജനറല്‍ ടിക്കറ്റുകൾക്ക് 3 ശതമാനം മുതൽ 6 ശതമാനം വരെ കിഴിവ്; പക്ഷെ ഈ ആപ്പില്‍ ബുക്ക് ചെയ്യണം, പ്രഖ്യാപനവുമായി റെയിൽവേ

ന്യുഡല്‍ഹി: നിരന്തരം ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണ് നമ്മള്‍. നേരിട്ടും അല്ലാതെയും ഇതിനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നു.
എന്നാല്‍ അടുത്തിടെ പ്രഖ്യാപിച്ച നിരക്കിലെ വർധന മുതല്‍ പലതരം ആപ്പുകള്‍ ഉപയോഗിക്കാനുള്ള പ്രശ്നങ്ങള്‍ വരെ ഇതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന റിസർവ് ചെയ്യാത്ത (ജനറല്‍) ടിക്കറ്റുകളുടെ നിരക്കില്‍ 3% കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. 2026 ജനുവരി 14 മുതല്‍ 2026 ജൂലൈ 14 വരെ ആറ് മാസത്തേക്കാണ് കിഴിവ്.
സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേസ് CRIS-ന് കത്തയച്ചു. ആർ-വാലറ്റ് ഉപയോക്താക്കള്‍ക്ക് മാത്രമായി കിഴിവ് പരിമിതപ്പെടുത്തിയിട്ടില്ല, മറിച്ച് ഏതെങ്കിലും ഡിജിറ്റല്‍ പേയ്‌മെന്റ് മോഡ് (UPI, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകള്‍ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് പോലുള്ളവ) വഴി നടത്തുന്ന പേയ്‌മെന്റുകള്‍ക്ക് ലഭ്യമാകും.
റെയില്‍വേയുടെ കണക്കനുസരിച്ച്, റെയില്‍വണ്‍ ആപ്പില്‍ ആർ-വാലറ്റ് വഴി നടത്തുന്ന പേയ്‌മെന്റുകള്‍ക്ക് നിലവില്‍ 3% ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്, അത് തുടർന്നുകൊണ്ടാണ് പുതിയ പ്രഖ്യാപനം. പുതിയ സൗകര്യം ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് നേരിട്ട് 3% കിഴിവ് നല്‍കും. അതായത് ജനുവരി 14 മുതല്‍ ആർ-വാലറ്റ് ഉപയോഗിച്ച് റെയില്‍വണ്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആകെ 6% കിഴിവ് ലഭിക്കും.
3% കിഴിവ് ഓഫർ റെയില്‍വണ്‍ ആപ്പില്‍ മാത്രമേ ലഭ്യമാകൂ എന്ന് റെയില്‍വേ അധികൃതർ വ്യക്തമാക്കി. മറ്റേതെങ്കിലും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി യാത്രക്കാർ ജനറല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്താല്‍ അവർക്ക് കിഴിവ് ലഭിക്കില്ല. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഔദ്യോഗിക റെയില്‍വേ ആപ്പിലേക്ക് മാറാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ‘വണ്‍-സ്റ്റോപ്പ് സൊല്യൂഷനാണ്’ ആണ് റെയില്‍വണ്‍. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നല്‍കുന്ന ഒരു ആപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതിന്റെ ഇന്റർഫേസ് വളരെ ലളിതവും സൗകര്യപ്രദവുമാണ്. ഒരിക്കല്‍ ലോഗിൻ ചെയ്ത ശേഷം (എംപിൻ അല്ലെങ്കില്‍ ബയോമെട്രിക് പ്രാമാണീകരണം ഉപയോഗിച്ച്), എല്ലാ സവിശേഷതകളും ഒരിടത്ത് ലഭ്യമാകുമെന്ന് റെയില്‍വേ മന്ത്രാലയം പറയുന്നു.

