ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ചത് 42,213 കോടി..! കോള രാജാവ് രവി ജയ്പുരിയ സാമ്രാജ്യം കെട്ടിപ്പടുത്തത് ഇങ്ങനെ…
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ പേരുകളായി നാം കേട്ടിരുന്നത് അംബാനിയും ടാറ്റയും ഒക്കെയായിരുന്നു ഒരുകാലത്ത്.
എന്നാല്‍ ഇന്നത് മാറി, അദാനി ഉള്‍പ്പെടെയുള്ള പല പ്രമുഖരും ഇവിടേക്ക് കടന്നുവന്നു. അക്കൂട്ടത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നാം നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ഒരു പേരാണ് രവി ജയ്പുരിയയുടേത്.
എങ്കിലും ഈ പേര് കേള്‍ക്കാത്തവര്‍ ആയിരിക്കും അധികവും. ആര്‍ജെ കോര്പ്പറേഷൻ എന്ന കമ്ബനിയുടെ സ്ഥാപകനും, ചെയര്‍മാനുമാണ് രവി ജയ്പുരിയ. ആര്‍ജെ കോര്പ്പറേഷൻ എന്ന പേര് ഒരുപക്ഷേ നിങ്ങള്‍ അത്ര കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഈ കമ്ബനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു രണ്ട് സ്ഥാപനങ്ങള്‍ പലരും കേട്ടുകാണും, ദേവയാനി ഇന്റര്‍നാഷണലും വരുണ്‍ ബിവറേജസും.
ഇന്ത്യയുടെ കോള രാജാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഈ വര്‍ഷം തന്റെ സാമ്ബത്തിലുണ്ടായ കുതിച്ചു ചാട്ടം കൊണ്ട് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് അദ്ദേഹം. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക അനുസരിച്ച് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി നിലവില്‍ 14.3 ബില്യണ്‍ ഡോളറാണ്. നിലവില്‍ ലോക കോടീശ്വര പട്ടികയില്‍ 139ആം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ സമ്ബത്തില്‍ ഈ വര്‍ഷം മാത്രം 5.89 ബില്യണ്‍ ഡോളറിന്റെ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്
അതായത് ഇന്ത്യൻ രൂപ ഏകദേശം 42,231 കോടി..!
ഇത് കേട്ടാല്‍ അറിയാമല്ലോ അദ്ദേഹം ചില്ലറക്കാരനല്ലെന്ന്. പെപ്സികോയുടെ ബോട്ടിലിംഗ് പങ്കാളിയായ ദക്ഷിണാഫ്രിക്കൻ കമ്ബനി, ബെവ്കോയെ 1320 കോടി രൂപ നല്കി ഏറ്റെടുത്തതോടെയാണ് വരുണ്‍ ബിവറേജസ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഈ ഇടപാടിലൂടെ കമ്ബനിയുടെ ആകെ ആസ്തിയും മൂല്യവും ഗണ്യമായി വര്‍ധിപ്പിക്കാനും അവര്‍ക്കായി.
ഓഹരി വിപണിയില്‍ സജീവമാണ് വരുണ്‍ ബിവറേജസ്. നിലവില്‍ കമ്ബനിയുടെ ഓഹരികള്‍ 1241 രൂപ പ്രൈസ് റേഞ്ചിലാണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം മാത്രം ഓഹരികളില്‍ 86 ശതമാനത്തിലധികം നേട്ടം സ്വന്തമായി കഴിഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വരുണ്‍ ബിവറേജസ് നിക്ഷേപകര്‍ക്ക് നല്കിയ നേട്ടം 1006 ശതമാനത്തോളമാണെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല.
അമേരിക്കയില്‍ ബിസിനസ് മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1985ലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ശേഷം അദ്ദേഹം ബോട്ടിലിംഗ് ബിസിനസില്‍ പങ്കാളിയായി. 1987ല്‍ ഒരു പ്ലാന്റിന്റെ പൂര്‍ണ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ കൈകളിലെത്തി. ഈ പ്ലാന്റ് വച്ചാണ് അദ്ദേഹം പെപ്സികോയുമായി കരാറിലെത്തിയതും ഇക്കാണുന്ന നേട്ടങ്ങളിലേക്ക് നടന്നടുത്തതും.