കേരളോത്സവം,സംസ്ഥാന തല മത്സരം നടത്താതെ കലാ- കായിക താരങ്ങളോട് സർക്കാർ നീതി കേട് കാണിച്ചു: അഷ്റഫ് കർള

കുമ്പള: സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തല മത്സരങ്ങൾ കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാന തല മത്സരം നടത്താതെ സർക്കാർ കലാ- കായിക താരങ്ങളെ വഞ്ചിച്ചതായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള പറഞ്ഞു.കഴിഞ്ഞ ഒക്ടോബറിൽ പഞ്ചായത്ത് തല മത്സരങ്ങൾ പൂർത്തിയായിരുന്നു.തുടർന്ന് ബ്ലോക്ക്-ജില്ലാതല മത്സരങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയതാണ്.ഇതിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ നൂറ് കണക്കിന് ആളുകളാണ് മത്സരത്തിന് തയ്യാറായി അവസരം കത്തു നിൽക്കുന്നത്. പഞ്ചായത്ത്തലം തൊട്ട് ജില്ലാതലം വരെ കലാ- കായിക മേഖലകളിൽ തങ്ങളുടെ സർഗവാസനകൾ അവതരിപ്പിച്ച് മികവ് തെളിയിച്ച വിദ്യാർഥികളടക്കമുള്ള മത്സരാർത്ഥികളാണ് ഇതിൽ ഏറെയും.സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ സംസ്ഥാന തല കേരളോത്സവം സർക്കാർ വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ നവ കേരള സദസ് പൂർത്തിയാകുന്ന മുറക്ക് കേരളോത്സവം നടത്തുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു സമയവും ഉണ്ടായേക്കാവുന്ന ഘട്ടത്തിൽ ഇനിയും കേരളോത്സവം വൈകിപ്പിക്കുന്നത് താരങ്ങളോടുള്ള നീതികേടാണ്. ഗ്രാമീണ മേഖലയിലെ കലാ- കായിക താരങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണ അവസാനിപ്പിച്ച് എത്രയും വേഗം സംസ്ഥാന തല കേരളോത്സവം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അഷ്റഫ് കർള ആവശ്യപ്പെട്ടു.

