KSDLIVENEWS

Real news for everyone

ഏഴാമത്തെ വൻകൊടുമുടിയും കീഴടക്കി മലയാളി പര്‍വതാരോഹകൻ; ഇത്തവണ കയറിയത് ചിലിയിലെ അഗ്നിപര്‍വതം

SHARE THIS ON

ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓഗോസ് ദെൽ സലാദോ കീഴടക്കി മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ. ഹസൻ കീഴടക്കുന്ന ഏഴാമത്തെ വൻ കൊടുമുടിയാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതം കൂടിയാണ് 22,600 അടി ഉയരമുള്ള ഓഗോസ് ദെൽ സലാദോ.


കാലാവസ്ഥ മാറ്റത്തെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ഹസൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇന്ത്യ-റഷ്യ ഫ്രണ്ട്ഷിപ്പ് എക്സ്പെഡീഷന്റെയും ഭാഗമായിട്ടായിരുന്നു ഷെയ്ഖിന്റെ പർവതാരോഹണം.

അഗ്നിപർവതത്തിനു മുകളിൽ ഇന്ത്യൻ ദേശീയ പതാകയുമായി നിൽക്കുന്ന ഷെയ്ഖ് ഹസന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. ശരീരത്തിൽ Climate change is real (കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണ്) എന്ന് നീലനിറത്തിൽ എഴുതിയ ചിത്രം വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.


ശനിയാഴ്ചയാണ് ചിലിയിലെ പർവതനിരകൾ ഷെയ്ഖിന്റെ കാൽക്കീഴിലായത്. അതിനുമുമ്പേ സെപ്റ്റംബറിൽ ജോർജിയയുടെ അതിർത്തിക്കുസമീപം തെക്കൻ റഷ്യയിൽ കോക്കസസ് പർവതനിരകളുടെ ഭാഗമായ എൽബ്രസ് കൊടുമുടിയിൽ 18,510 അടി ഉയരത്തിലേക്ക് ഷെയ്ഖ് നടന്നുകയറിയിരുന്നു. ഡിസംബറിൽ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസണിനു മുകളിലും എത്തി. നേരത്തെ ഏഷ്യൻ ഭൂഖണ്ഡത്തിലെ
എവറസ്റ്റ്, ആഫ്രിക്കയിലെ കിളിമഞ്ചാരോ, സൗത്ത് അമേരിക്കയിലെ അക്കൻഗാഗുവ, നോർത്ത് അമേരിക്കയിലെ മൗണ്ട് ദെനാലി ഉൾപ്പടെയുള്ള കൊടുമുടികളും കീഴടക്കിയിരുന്നു.

ഏഴു ഭൂഖണ്ഡങ്ങളിലേയും പർവതങ്ങൾ കീഴടക്കുകയാണ് ഹസന്റെ സ്വപ്നം. ഏഷ്യ-ഒഷ്യാനിയ റീജിയണിലെ പുഞ്ചാക് ജയ കൂടി കീഴടക്കിയാൽ ആ സ്വപനത്തിൽ ഹസന് എത്തിച്ചേരാനാകും. ഓസ്ട്രേലിയയിലെ കോസിയോസ്കോ പർവതം കയറാനും ഹസന് പദ്ധതിയുണ്ട്. ഇതെല്ലാം ഫെബ്രുവരിക്കുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.


സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറാണ് 35-കാരനായ ഷെയ്ഖ്. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ വീട്ടിൽ അലി അഹമ്മദിന്റെയും ഷാഹിദയും മകനാണ്. ഖദീജാ റാണിയാണ് ഭാര്യ. മകൾ: ജഹനാര മറിയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!