കേരളത്തോടുള്ള കേന്ദ്ര അവഗണന; കാസർകോട് ജില്ല പഞ്ചായത്ത് ഐക്യദാർഢ്യ പ്രമേയത്തിന് കോൺഗ്രസ്, ലീഗ് പിന്തുണ

കാസർകോട്: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിന് ജില്ല പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ്, ലീഗ് അംഗങ്ങളുടെ പിന്തുണ. വ്യാഴാഴ്‌ച ചേർന്ന ജില്ല പഞ്ചായത്ത് ബജറ്റ് ചർച്ച യോഗത്തിലാണ് ലീഗ്, കോൺഗ്രസ് അംഗങ്ങൾ സമരത്തെ പിന്തുണച്ച് ജില്ല പഞ്ചായത്ത് അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചത്. ജില്ല പഞ്ചായത്തംഗം സി.ജെ. സജിത്താണ് പ്രമേയം അവതരിപ്പിച്ചത്. മുസ്‍ലിം ലീഗിലെ ഗോൾഡൻ അബ്ദുറഹ്‌മാൻ ആദ്യം പിന്തുണച്ചു. സംസ്ഥാന സർക്കാറിനോട് വിയോജിപ്പുണ്ടെങ്കിലും ഡൽഹിയിൽ നടക്കുന്ന സമരം ന്യായമാണ്. കേന്ദ്ര സർക്കാർ ബി.ജെ.പിയിതര സംസ്ഥാന സർക്കാറുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെ സമരം ആവശ്യമാണ്. ഈ സമരത്തിൽ യു.ഡി.എഫ് എം.എൽ.എമാരെ കൂടി പങ്കെടുപ്പിക്കണമായിരുന്നുവെന്നും ഗോൾഡൻ പറഞ്ഞു. യു.ഡി.എഫ് എം.എൽ.എമാരെ ക്ഷണിച്ചിരുന്നുവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മറുപടി പറഞ്ഞു. രണ്ട് ബി.ജെ.പി അംഗങ്ങൾ വിയോജിച്ചു.

