രാജ്യം ആരു ഭരിക്കും?; രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് നിലവിൽ; ഇത്തവണ 7.28 കോടി വോട്ടര്‍മാരുടെ വർദ്ധനവ്
ന്യൂഡല്‍ഹി: രാജ്യം ആരു ഭരിക്കണം എന്നു തീരുമാനിക്കാന്‍ ഇക്കുറി 96.88 കോടി വോട്ടര്‍മാര്‍. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണു കൂടുതലുള്ളത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. 18-29 പ്രായപരിധിയിലുള്ള രണ്ടു കോടിയിലധികം പേരാണു പുതുതായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആകെയുള്ള 96.88 കോടി വോട്ടര്‍മാരില്‍ കൂടുതല്‍ പുരുഷ വോട്ടര്‍മാരാണ്. 49.72 കോടി പുരുഷ വോട്ടര്‍മാരും 47.15 കോടി വനിതാ വോട്ടര്‍മാരുമാണുള്ളത്. 18-19 വയസിലുള്ള 1,84,81,610 വോട്ടര്‍മാരും 20-29 വയസിലുള്ള 19,74,37,160 വോട്ടര്‍മാരാണുള്ളത്. ജമ്മു കശ്മീരിലെയും അസമിലെയും വോട്ടര്‍പട്ടിക പുതുക്കലും വിജയകരമായി പൂര്‍ത്തിയാക്കിയതായി കമ്മിഷന്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ ആകെ 86,94,992 വോട്ടര്‍മാരും അസമില്‍ 2,43,01,960 വോട്ടര്‍മാരുമുണ്ട്.