മീന്‍പിടിക്കാന്‍ പുഴയിലിറങ്ങി, യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവ്; ഗുരുതര പരിക്ക് | വീഡിയോ

പാൽഘർ: മഹാരാഷ്ട്രയിൽ മീൻ പിടിക്കാനായി പുഴയിലിറങ്ങിയ ആൾക്കുനേരെ സ്രാവിന്റെ ആക്രമണം. മനോർ ഡോംഗർ ഗ്രാമത്തിലെ വിക്കി ഗോവാരിയുടെ കാലിലാണ് സ്രാവ് കടിച്ചത്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ഗ്രാമവാസികൾ ചേർന്ന് സ്രാവിനെ പിടികൂടി.
വൈതർണ്ണൻ നദിയിൽ നിന്ന് മീൻ പിടിക്കുന്നതിനിടയിലായിരുന്നു നാല് അടിയോളം നീളമുള്ള സ്രാവ് വിക്കിയുടെ കാലിന് കടിച്ചത്. തുടർന്ന് മറ്റു മത്സ്യബന്ധന തൊഴിലാളികൾ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളുടെ കാൽ ഭാഗികമായി മുറിഞ്ഞുപോയതായും രക്തംവാർന്ന് യുവാവ് കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വീഡിയോകൾ സാമൂഹ്യമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നദിയിൽവെച്ച് ഗൗരിയെ സ്രാവ് ആക്രമിക്കുന്നതാണ് ഒന്നാമത്തെ വീഡിയോ. ചത്ത സ്രാവിന് ചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്. പാൽഘർ ജില്ലയിൽ ആദ്യമായാണ് സ്രാവിന്റെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്.
ശുദ്ധജലത്തിൽ ജീവിക്കാനും പ്രജനനം നടത്താനും കഴിയുന്ന ബുൾ ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവാണ് യുവാവിനെ ആക്രമിച്ചത്. ഏഴടിയോളം നീളവും 130 കിലോഗ്രാം ഭാരവുമുള്ള ഇവ സാധാരണയായി കടലിലാണ് കാണപ്പെടാറുള്ളത്. എന്നാൽ, അമിതമായ മീൻപിടിത്തം, ആവാസവ്യവസ്ഥയുടെ നഷ്ടം തുടങ്ങിയവയെല്ലാം കാരണം ഇരതേടി ഇത്തരം സ്രാവുകൾ ഉപ്പുവെള്ളത്തിൽ നിന്ന് നിരവധി കിലോമീറ്റർ ദൂരത്തുള്ള അരുവികളിലും പുഴകളിലും ഡാമുകളിലും എത്താറുണ്ടെന്ന് വിദഗ്ധർ പറയുന്നു.