KSDLIVENEWS

Real news for everyone

മൂത്രത്തില്‍നിന്ന് വൈദ്യുതി: ഗോമൂത്ര പരീക്ഷണം വിജയം, ഇനി പരീക്ഷണം മനുഷ്യമൂത്രത്തില്‍

SHARE THIS ON

പാലക്കാട്: മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ആദ്യഘട്ടത്തില്‍ ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചു. കണ്ടെത്തലുകള്‍ ‘സയന്‍സ് ഡയറക്ട്’ എന്ന ഓണ്‍ലൈന്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തി. മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കള്‍ക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രണ്ടുവര്‍ഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദില്‍ നടന്ന ഇന്‍വെന്റീവ് മേളയില്‍ ഇവരുടെ പ്രോജക്ട് ശ്രദ്ധ നേടിയിരുന്നു. ഇനി പരീക്ഷണം മനുഷ്യമൂത്രത്തില്‍നിന്ന് വൈദ്യുതി  പാലക്കാട്: ഗോമൂത്രത്തില്‍നിന്ന് വൈദ്യുതിയുത്പാദിപ്പിച്ച് വിജയിച്ചതോടെ പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം ഇനി മനുഷ്യമൂത്രമുപയോഗിച്ചുള്ള പരീക്ഷണത്തിന്. അതില്‍ വിജയിച്ചാല്‍ ഷോപ്പിങ് മാളുകള്‍, സ്‌കൂളുകള്‍, സിനിമാതിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം സ്ഥാപിച്ച് വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാകുമെന്ന് സംഘം പറയുന്നു. ഐ.ഐ.ടി.യിലെ സിവില്‍ എന്‍ജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നില്‍. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രവീണ ഗംഗാധരന്‍, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാര്‍ഥി വി. സംഗീത, റിസര്‍ച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്. വൈദ്യുതി ഉത്പാദിപ്പിച്ചത് ഇങ്ങനെ ഒരു ചേംബറില്‍ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടുനിര്‍മിച്ച ചെറുസെല്ലുകളിലേക്ക് (ഇലക്ട്രോ കെമിക്കല്‍ റിസോഴ്സ് റിക്കവറി റിയാക്ടര്‍-ഇ.പി.ആര്‍.ആര്‍.) മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകള്‍ക്കുള്ളില്‍ ആനോഡായി മഗ്‌നീഷ്യം ഇലക്ട്രോഡും കാഥോഡായി എയര്‍ കാഥോഡും ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തില്‍ 50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലില്‍ 100 മില്ലിലിറ്റര്‍ ഗോമൂത്രമാണ് ശേഖരിക്കുന്നത്. മൂത്രവും ഇലക്ട്രോഡുകളുമായുള്ള രാസപ്രവര്‍ത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാവുന്നത്. പത്തെണ്ണമുള്ള ഒരു സെറ്റില്‍നിന്ന് ശരാശരി 1.5 വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായി. ഈ വൈദ്യുതി ഉപയോഗിച്ച് മൊബൈല്‍ഫോണ്‍, എമര്‍ജന്‍സി വിളക്ക് എന്നിവ ചാര്‍ജ് ചെയ്യുന്നുണ്ട്. എല്‍.ഇ.ഡി. വിളക്കുകള്‍ കത്തിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!