ടെസ്റ്റ് കളിക്കാതെ മാറിനിന്നു; പാക് താരം ഹാരിസ് റൗഫിന്റെ കരാര്‍ റദ്ദാക്കി പിസിബി

ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഹാരിസ് റൗഫുമായുളള കരാര്‍ റദ്ദാക്കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. മതിയായ കാരണം ബോധിപ്പിക്കാതെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്നാണ് നടപടി. ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന താരം ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ കളിച്ചിരുന്നു. ഇതാണ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. 2023 ഡിസംബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി. ഇതിനൊപ്പം താരത്തിന് വിദേശ ലീഗുകളില്‍ കളിക്കാനുള്ള എന്‍ഒസിയും (No Objection Certificate) ബോര്‍ഡ് നിഷേധിച്ചു. ജൂണ്‍ 30-വരെ വിദേശ ലീഗുകളില്‍ കളിക്കുന്നതിനുള്ള എന്‍ഒസിയാണ് ബോര്‍ഡ് നിഷേധിച്ചത്. ഇതോടെ ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കഴിയുന്നതുവരെ താരത്തിന് വിദേശ ലീഗുകളിലൊന്നും കളിക്കാനാകില്ല. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ വിശ്രമം ആവശ്യപ്പെട്ട റൗഫ് ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിച്ചിരുന്നു. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുകയോ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാതെ താരം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മാറിനിന്നത് കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിസിബി നടപടി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്താന്‍ 3-0ന് തോറ്റിരുന്നു.