KSDLIVENEWS

Real news for everyone

കടമെടുപ്പ്: കേന്ദ്രവുമായുള്ള ചർച്ചയിൽ തീരുമാനമായില്ല; പോസിറ്റീവായ ഒന്നുമില്ലെന്ന് മന്ത്രി ബാലഗോപാൽ ബി. ബാലഗോപാല്‍

SHARE THIS ON

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്രവും കേരള സര്‍ക്കാരും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ചയില്‍ പോസിറ്റീവായ ഒന്നും ഉണ്ടായില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ കേരളം നല്‍കിയ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തത്തില്‍ ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പ്രയാസമാണെന്ന് കേന്ദ്രം അറിയിച്ചു. കണക്കുകള്‍ സംബന്ധിച്ച വിഷയത്തില്‍ സെക്രട്ടറിതല ചര്‍ച്ച നടത്താന്‍ തീരുമാനമായെന്നും ഇത് ഉടന്‍ ഉണ്ടാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.  കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചനടത്താന്‍ കേരളത്തോടും കേന്ദ്രത്തോടും നിര്‍ദേശിച്ചത്. എന്നാല്‍, കേരളം സ്യൂട്ട് ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയ പല ആവശ്യങ്ങളും ഈഘട്ടത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. നികുതി ഇനത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന് നല്‍കാനുള്ള തുക സംബന്ധിച്ചുള്ള തര്‍ക്കമാണ് സെക്രട്ടറി തലത്തില്‍ ചര്‍ച്ചചെയ്യുക. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരു സര്‍ക്കാരുകളും തിങ്കളാഴ്ച്ച സുപ്രീംകോടതിയെ അറിയിക്കും.  നോര്‍ത്ത് ബ്ലോക്കില്‍ ഉണ്ടായിട്ടും നിര്‍മല സീതാരാമന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല കേരളവുമായി കേന്ദ്രധനകാര്യ മന്ത്രാലയം നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കെടുത്തില്ല. സംസ്ഥാന ധനമന്ത്രി ഉള്‍പ്പെടെയുള്ള സംഘവുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുമ്പോള്‍, ഒരു തമിഴ് ചാനലിന് അഭിമുഖം നല്‍കുന്ന തിരക്കിലായിരുന്നു ധനകാര്യമന്ത്രി. അഭിമുഖത്തിനുശേഷം നിര്‍മ്മല സീതാരാമന്‍ നോര്‍ത്ത് ബ്ലോക്കില്‍നിന്ന് പുറത്തു പോയി. ആ സമയവും ചര്‍ച്ച പുരോഗമിക്കുകയായിരുന്നു.  നോര്‍ത്ത് ബ്ലോക്കില്‍ നടന്ന ചര്‍ച്ച മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കെ.എന്‍ ബാലഗോപാല്‍ നയിച്ച കേരള സംഘത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍നിന്ന് ധനകാര്യവകുപ്പ് സെക്രട്ടറി ഡോ. ഡോ. ടി.വി സോമനാഥന്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ട രാമന്‍, അഡീഷണല്‍ സെക്രട്ടറി സജ്ജന്‍ സിങ് യാദവ്, ജോയിന്റ് സെക്രട്ടറി അമിത സിങ് നേഗി തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!