രാഹുലും പ്രിയങ്കയും തമ്മില്‍ ഭിന്നതയെന്ന് BJP; അകല്‍ച്ച പാര്‍ട്ടി നേതൃസ്ഥാനത്തെച്ചൊല്ലിയെന്ന് ആരോപണം

ലഖ്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാണെന്നാരോപിച്ച് ബി.ജെ.പി. പാർട്ടിയുടെ നേതൃസ്ഥാനത്തെച്ചൊല്ലിയാണ് ഭിന്നതയെന്നാണ് വാദം. ഉത്തർപ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകാൻ പ്രിയങ്ക ഗാന്ധി എത്തില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബി.ജെ.പിയുടെ ആരോപണം.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യാത്രയുടെ ഭാഗമാകാൻ കഴിയില്ലെന്ന പ്രിയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. ആരോഗ്യം വീണ്ടെടുത്താലുടൻ യാത്രയുടെ ഭാഗമാകാൻ താനെത്തുമെന്നും അവർ എക്സിൽ കുറിച്ചിരുന്നു.
യാത്ര ആരംഭിച്ച സാഹചര്യത്തിലും ഇന്ന് യാത്ര ഉത്തർപ്രദേശിലെത്തിയപ്പോഴും രാഹുലിനൊപ്പം പ്രിയങ്കയില്ലെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി ചൂണ്ടിക്കാട്ടി. പാർട്ടിയുടെ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകൾ എല്ലാവർക്കുമറിയാമെന്നും അദ്ദേഹം ആരോപിച്ചു.