പടന്ന ടൗണിലും പരിസരങ്ങളിലും ഹോട്ടലുകൾ ഉൾപ്പെടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും രാത്രി 11 ന് അടയ്ക്കണം

തൃക്കരിപ്പൂർ : പടന്ന ടൗണിലെയും പരിസരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് ഏകോപിത സമയം നിശ്ചയിച്ചു. അതേ സമയം സിന്തറ്റിക് ടർഫുകളിൽ നിലവിലുള്ള സമയം തുടരുന്നതിനും ധാരണയുണ്ടാക്കി. ചന്തേര പൊലിസ് ഇൻസ്പെക്ടർ ജി.പി.മനുരാജ് വിളിച്ചു ചേർത്ത വിവിധ സംഘടന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനങ്ങൾ.
ഹോട്ടൽ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 10 വരെ മാത്രമേ പ്രവൃത്തിക്കാവൂ എന്ന നിബന്ധന ഭേദഗതി ചെയ്ത് ഹോട്ടലുകൾ ഉൾപ്പെടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും രാത്രി 11 നു അടയ്ക്കുന്നതിനു നിശ്ചയിച്ചു. സിന്തറ്റിക് ടർഫുകളിൽ വൈകിട്ട് 7 വരെ 18 വയസ്സിൽ താഴെയുള്ളവരും മുതിർന്നവർക്ക് രാത്രി 11 വരെയുമാണ് അനുമതി. രാഷ്ട്രീയ–വ്യാപാര–മത-സാംസ്കാരിക–സന്നദ്ധ സംഘടന ഭാരവാഹികളും ടർഫ് ഉടമകളും പങ്കെടുത്തതായിരുന്നു യോഗം.
പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷറ അധ്യക്ഷത വഹിച്ചു.സിഐ മനുരാജ് കാര്യങ്ങൾ വിശദീകരിച്ചു. പ്രിൻസിപ്പൽ എസ്ഐ എൻ.വിപിൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ.എം.മുഹമ്മദ് റഫീഖ്, പഞ്ചായത്ത് അംഗങ്ങളായ യു.കെ.മുഷ്താക്, പി.പവിത്രൻ, വിവിധ സംഘടനാ ഭാരവാഹികളായ പി.എൻ.അർഷദ്, എം.മുഹമ്മദ് ഷാഫി, ടി.ഹാരിസ്, പി.റംഷാദ്, പി.എസ്.സലീൽ, കെ.വി.ഷാജി, ഇ.പി.പ്രകാശൻ, നാസർ പാട്ടില്ലത്ത്, കെ.സജീഷ്, എൻ.ഷിബു എന്നിവർ പ്രസംഗിച്ചു.