സ്റ്റുഡന്റ് പൊലീസ് കെഡറ്റ് മാതൃകയിൽ കുട്ടികളുമായി കൂട്ടാകാൻ പൊലീസ്; പരിശീലനം തുടങ്ങി
നീലേശ്വരം: സ്റ്റുഡന്റ് പൊലീസ് കെഡറ്റ് മാതൃകയിൽ യുപി സ്കൂളുകളിൽ അടുത്ത അധ്യയനവർഷം ചൈൽഡ് ഫ്രൻഡ്‌ലി പൊലീസ് ക്ലബ്ബുകൾ തുടങ്ങുന്നതിനു മുന്നോടിയായി പരിശീലനം തുടങ്ങി. നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്റെ പരിശീലന പരിപാടി ചൈൽഡ് ഫ്രൻഡ്‌ലി പൊലീസ് ക്ലബ് ജില്ലാ കോഓർഡിനേറ്റർ എസ്ഐ, കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ പൊലീസ് ഓഫിസർ കെ.വി.പ്രദീപ് അധ്യക്ഷത വഹിച്ചു. അധ്യാപകൻ പി.പി.മോഹനൻ, ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ കോതോളി, അസി.ചൈൽഡ് വെൽഫെയർ ഓഫിസർ വി.ശ്രീദേവി, സൈബർസെൽ സബ് ഇൻസ്പെക്ടർ പി.രവീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർ ചാൾസ് ജോസ് എന്നിവർ ക്ലാസ് എടുത്തു. കുട്ടികൾക്കെതിരായ അതിക്രമം, വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, വീടുകളിൽ നിന്നു നേരിടുന്ന പ്രയാസങ്ങൾ, സമൂഹമാധ്യമങ്ങളുടെ അതിപ്രസരം, ലഹരി ഉപയോഗം എന്നിവയ്ക്ക് തടയിടുകയാണ് പദ്ധതിയുടെ ലക്ഷ്യം.